തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായുള്ള കേരള സാംക്രമിക രോഗങ്ങൾ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ നേരിട്ട് പാസാക്കുന്നതിനെയും കേന്ദ്രനിയമം മറികടന്ന് പുതിയ നിയമം കൊണ്ടുവരുന്നതിനെയും ചോദ്യം ചെയ്ത് പ്രതിപക്ഷം. എന്നാൽ, സംസ്ഥാനത്തിെൻറ അധികാരമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ക്രമപ്രശ്നങ്ങൾ നിയമസഭ തള്ളി.
പൂർണമായും സംസ്ഥാന വിഷയമായ പൊതുജനാരോഗ്യത്തിൽ സംസ്ഥാനത്തിന് പ്രത്യേക നിയമനിർമാണം കൊണ്ടുവരാമെന്ന മന്ത്രി വീണ ജോർജിെൻറ നിലപാട് സ്പീക്കർ എം.ബി. രാജേഷും അംഗീകരിക്കുകയായിരുന്നു.
എന്നാൽ, ബിൽ പാസാക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പും ഇൗ നിയമം നിയമപരമായി ചോദ്യം ചെയ്യപ്പെടുമോയെന്ന ആശങ്കയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ പ്രതിപക്ഷാംഗങ്ങൾ പ്രകടിപ്പിച്ചത്. കാര്യോപദേശകസമിതിയിലെ ധാരണപ്രകാരമാണ്, അടിയന്തരപ്രാധാന്യമുള്ളതിനാൽ ബിൽ സഭ നേരിട്ട് പാസാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതിപക്ഷവാദഗതികളെ തള്ളി സ്പീക്കർ റൂളിങ്ങും നൽകി.
കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അവകാശമുള്ള കൺകറൻറ് പട്ടികയിലാണെങ്കിൽ കേന്ദ്രനിയമത്തിനെതിരായ സംസ്ഥാനനിയമം പ്രശ്നമായേക്കാമെങ്കിലും പൂർണമായും സംസ്ഥാന വിഷയമായ പൊതുജനാരോഗ്യത്തിലാണ് ഈ ബില്ലെന്ന് മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി.
1897ലെ എപ്പിഡമിക് ഡിസീസസ് ആക്ട് മലബാറിന് ബാധകമല്ലാതിരുന്നതിനാലാണ് സംസ്ഥാനത്തിന് മുഴുവൻ ബാധകമായ ഏകീകൃത നിയമനിർമാണത്തിന് തീരുമാനിച്ചത്. എന്നാൽ, കേന്ദ്രം ആ നിയമം രാജ്യത്താകമാനം ബാധകമാക്കിയതോടെ സംസ്ഥാനത്ത് പരിഷ്കരിച്ച ഓർഡിനൻസിൽ അതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സഭയുടെ കീഴ്വഴക്കം നോക്കിയാൽ 1980ൽ സബ്ജക്ട് കമ്മിറ്റികൾ നിലവിൽവന്നശേഷം, പല വർഷങ്ങളിൽ സബ്ജക്ട് കമ്മിറ്റികൾക്ക് വിടാതെ ബില്ലുകൾ പാസാക്കിയിട്ടുണ്ടെന്ന് ഉദാഹരണസഹിതം സ്പീക്കർ എം.ബി. രാജേഷ് റൂളിങ്ങിൽ ചൂണ്ടിക്കാട്ടി. പുതുതായെത്തിയ അംഗങ്ങൾക്ക് നിയമനിർമാണപ്രക്രിയയെ പരിചയപ്പെടുത്താനുദ്ദേശിച്ചാണ് താരതേമ്യന ചെറിയ ബിൽ പരിഗണിച്ചതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.