മയക്കുമരുന്ന് കേസുകളിൽ പ്രതിയാകുന്നത് സി.പി.എം വിദ്യാർഥി-യുവജന നേതാക്കൾ, നേരിടാൻ സർക്കാറിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് പ്രതിപക്ഷം; നിയമസഭയിൽ അടിയന്തര പ്രമേയം

തിരുവനന്തപുരം: കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിക്കുന്നത് കാരണം സ്ത്രീകൾ അടക്കമുള്ളവർക്ക് നേരെ അക്രമങ്ങൾ വർധിക്കുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്.

രാഷ്ട്രീയ അസ്ഥിരതയുമുള്ള അഫ്ഗാനിൽ ഉണ്ടാക്കുന്ന മയക്കുമരുന്ന് പാകിസ്താൻ, പഞ്ചാബ്, രാജസ്ഥാൻ വഴിയാണ് ഇന്ത്യയിലെത്തുന്നത്. രാഷ്ട്രീയ അസ്ഥിരതയും അരക്ഷിതാവസ്ഥയുമുള്ള ഭൂപ്രദേശമാണ് മയക്കുമരുന്നിന് ഉചിതമെന്നാണ് പറയുന്നത്. കേരളവും അരക്ഷിതാവസ്ഥയുള്ള പ്രദേശമായി മാറിയിട്ടുണ്ട്. നൈജീരിയക്കാർ അടക്കമുള്ളവർ ബംഗളൂരുവിൽ തമ്പടിച്ച് അവിടെനിന്ന് വളരെ അനായാസമാണ് കേരളത്തിലേക്ക് മയക്കുമരുന്നുകൾ എത്തിക്കുന്നത്. കേരളം മയക്കുമരുന്നിന്‍റെ വലിയ മാർക്കറ്റായി മാറുന്നു.

പോരാട്ടത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ന‍ഷ്ടപ്പെടുമ്പോഴും രാഷ്ട്രീയ സംരക്ഷണവും ലഭിക്കുമ്പോഴുമാണ് മയക്കുമരുന്ന് മാഫിയക്ക് കടന്നു കയറാൻ സാധിക്കുന്നതെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരി ബിസ്കറ്റ് കൊടുത്ത് വലയിലാക്കിയ വിഷയവും കുഴൻനാടൻ സഭയിൽ ഉയർത്തിക്കാട്ടി.

മൊഴി നൽകാൻ എത്തിയ കുട്ടി പൊലീസ് സ്റ്റേഷന്‍റെ പരിസരത്ത് മയക്കുമരുന്ന് മാഫിയക്കാരെ കണ്ട് ഭയപ്പെട്ടു. എങ്ങനെയാണ് മയക്കുമരുന്ന് മാഫിയക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതിക്കാരിയെ സ്വാധീനിക്കും നേരിടാനും സാധിക്കുന്നുവെന്ന് കുഴൽനാടൻ ചോദിച്ചു. ഇത്തരം മാഫിയകളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.

കുട്ടിയുടെ മൊഴി പരസ്പരം വിരുദ്ധമായത് കൊണ്ട് കേസെടുക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ആരുടെ ഭാഗത്താണ് നിലകൊള്ളുന്നത്. മലയൻകീഴ് മയക്കുമരുന്ന് കേസിൽ ഡി.വൈ.എഫ്.ഐ നേതാവാണ് പ്രതിയായത്. തലശ്ശേരിയിൽ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്ത രണ്ട് സി.പി.എമ്മുകാർ കൊല്ലപ്പെട്ടെന്ന് മന്ത്രി പറയുന്നു.

എന്നാൽ, മറുവശത്തുള്ള സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആണ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി-യുവജന നേതാക്കൾ മയക്കുമരുന്ന് കേസുകളിൽ പ്രതിയാകുന്നത് ചൂണ്ടിക്കാട്ടുന്നത് അവരുടെ രാഷ്ട്രീയ ബന്ധമാണ്. ഈ സാഹചര്യത്തിൽ മാഫിയക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തി സർക്കാറിന് നഷ്ടപ്പെടുകയാണെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.

കേരളം മയക്കുമരുന്നിന്‍റെ തലസ്ഥാനമാണെന്ന പ്രചാരണം തെറ്റാണെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. സമീപകാല സംഭവങ്ങൾ ഗൗരവതരമാണ്. സംസ്ഥാനമൊട്ടാകെ വലിയ പ്രാധാന്യത്തോടെ കാണുന്ന വിഷയമാണ് പ്രതിപക്ഷം ഉയർത്തി കൊണ്ടുവരുന്നത്. ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാമ്പയിൻ നടത്തുന്നുണ്ട്. വിഷയത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പൊതുജനങ്ങളെ ഉൾപ്പെടുത്തിയുള്ള ജനകീയ കാമ്പയിനുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ഇടതുപക്ഷ നേതാക്കൾക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന് പ്രതിപക്ഷ നേതാവ്

മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാൻ പൂർണ പിന്തുണയാണ് പ്രതിപക്ഷം സർക്കാറിന് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, കാമ്പയിൻ മാത്രം പോരെന്നും ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടെ എന്ന ചോദ്യവും സതീശൻ ഉന്നയിച്ചു. മയക്കുമരുന്നു മാഫിയയുടെ കണ്ണികൾ മുറിക്കാനോ ഉറവിടം കണ്ടെത്താനോ നമ്മുക്ക് കഴിയുന്നുണ്ടോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേപ്പാടി പോളിടെക്നിക്കിൽ എസ്.എഫ്.ഐ നേതാവ് ആക്രമിക്കപ്പെട്ട സംഭവം മന്ത്രി എം.ബി രാജേഷ് സഭയിൽ ചൂണ്ടിക്കാട്ടി. മേപ്പാടിയിൽ 23 വർഷത്തിന് ശേഷം കെ.എസ്.യു ജയിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നും ലഹരി ഉപയോഗത്തിൽ സസ്പെൻഡ് ചെയ്തത് എസ്.എഫ്.ഐ നേതാവിനെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ പ്രകോപിതരായ ഭരണപക്ഷ അംഗങ്ങൾ ബഹളം തുടങ്ങി.

പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്തുവന്നുവെങ്കിൽ പ്രതിപക്ഷ നേതാവ് തയാറായില്ല. ഇടതുപക്ഷവുമായി ബന്ധമുള്ള നിരവധി നേതാക്കൾക്ക് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നും ലഹരിക്കെതിരെ ഫുട്ബാൾ മത്സരം സംഘടിപ്പിച്ച എറണാകുളത്തെ സി.ഐ.ടി.യു നേതാവ് മയക്കുമരുന്നു കേസിൽ ജയിലിലാണെന്ന വിവരവും സതീശൻ സഭയിൽ ഉന്നയിച്ചു.

ഇതോടെ പ്രകോപിതരായ ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷവുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് സഭാ നടപടികൾ തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്പീക്കർ നിയമസഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.

Tags:    
News Summary - 'Opposition says that drug use is increasing in the state'; Urgent resolution in kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.