തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ പോര് കടുപ്പിച്ച് പ്രതിപക്ഷം. ചട്ടങ്ങൾ ലംഘിച്ച് റിപ്പോർട്ട് പരസ്യമാക്കിയ ധനമന്ത്രി തോമസ് െഎസക്കിെൻറ രാജിയെന്ന ആവശ്യത്തിനൊപ്പം മുഖ്യമന്ത്രിയെക്കൂടി വിഷയത്തിലേക്ക് കൊണ്ടുവന്ന് രാഷ്ട്രീയ കടന്നാക്രമണത്തിനാണ് യു.ഡി.എഫ് തയാറായത്. ധനമന്ത്രിയെ പിന്തുണക്കാൻ ഭരണപക്ഷത്തുനിന്ന് ആരും രംഗത്തിറങ്ങാത്തതും ശ്രദ്ധേയമാണ്.
നിയമസഭയിൽ സമർപ്പിക്കുംമുമ്പ് ഒരുവിധത്തിലും ധനമന്ത്രിക്ക് ലഭിക്കാൻ പാടില്ലാത്ത റിപ്പോർട്ടിലെ വിവരങ്ങളാണ് വാർത്തസമ്മേളനം നടത്തി പുറത്തുവിട്ടത്. കരട് റിേപ്പാർട്ടാണെന്നാണ് പറഞ്ഞതെങ്കിലും അസാധാരണമായി സി.എ.ജി അത് നിഷേധിച്ചതോടെ മന്ത്രി വെട്ടിലായി. സംസ്ഥാന സർക്കാറിെൻറ വികസന പദ്ധതികൾ തടസ്സപ്പെടുത്താൻ സി.എ.ജി ശ്രമിക്കുന്നെന്ന വാദമാണ് ഭരണപക്ഷവും ധനമന്ത്രിയും മുന്നോട്ടുവെക്കുന്നത്.
ഇൗ ആരോപണത്തിന് ബലം നൽകാൻ, കരട് റിേപ്പാർട്ടിൽ ഉണ്ടായിരുന്നതിനെക്കാൾ നാല് പേജ് കൂടി കൂട്ടിച്ചേർത്തെന്ന് ധനമന്ത്രി പറഞ്ഞതും അദ്ദേഹത്തിന് തിരിച്ചടിയായി.
നിയമസഭയിൽ സമർപ്പിക്കും മുമ്പ് കാണാൻ പാടില്ലാത്ത റിപ്പോർട്ട് ധനമന്ത്രി കണ്ടതിന് അദ്ദേഹത്തിെൻറ വാക്കുകൾതന്നെ തെളിവായി.
മാത്രമല്ല, സർക്കാറിനെതിരായ പരാമർശങ്ങൾ അന്തിമ റിപ്പോർട്ടിലാണെന്ന് അറിഞ്ഞുതന്നെ അവയെല്ലാം കരടിലാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും നേരിടേണ്ടിവന്നു.
മസാല ബോണ്ട് ഇറക്കിയതിലെ അഴിമതി പുറത്തുവരുമെന്ന് ഭയന്നാണ് എല്ലാ വ്യവസ്ഥകളും ലംഘിച്ച് റിപ്പോർട്ട് മന്ത്രി പരസ്യമാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. ഉയർന്ന പലിശനിരക്കിൽ മസാല ബോണ്ട് ഇറക്കിയത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാഢബന്ധമുള്ള ലാവലിൻ കമ്പനിയെ സഹായിക്കാനാണെന്ന ആക്ഷേപവും പ്രതിപക്ഷനേതാവ് ഉന്നയിച്ചു. സ്വർണക്കടത്തിനും അനുബന്ധ വിവാദങ്ങൾക്കും പുറമെ മറ്റൊരു വിഷയത്തിലേക്കുകൂടി മുഖ്യമന്ത്രിയെ വലിച്ചിടുകയാണ് ലക്ഷ്യം.
തദ്ദേശതെരഞ്ഞെടുപ്പിൽ സർക്കാറിനെ ആക്രമിക്കാൻ മറ്റൊരു ആയുധംകൂടി കിട്ടിയതിെൻറ ആവേശത്തിലാണ് പ്രതിപക്ഷം.
വിവാദത്തിെൻറ തുടക്കത്തിൽ മന്ത്രി െഎസക് പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പ്രതിരോധിക്കുന്നത് ഭരണപക്ഷത്തിന് വെല്ലുവിളിയാണ്.
അതേസമയം, സംസ്ഥാന സർക്കാറിനെതിരായ കേന്ദ്ര ഏജൻസിയുടെ സമീപനം തുറന്നുകാട്ടാനും സ്വർണ-ലഹരിക്കടത്ത് വിവാദങ്ങളിൽനിന്ന് തൽക്കാലത്തേക്കെങ്കിലും ശ്രദ്ധതിരിക്കാനുമായതിെൻറ ആശ്വാസമാണ് ഭരണപക്ഷത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.