തിരുവനന്തപുരം: സംസ്ഥാനത്തെ 151 എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 721 അധ്യാപക തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവ്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അനുവദിച്ച കോഴ്സുകൾക്കും പുതുതായി അനുവദിച്ച 10 കോളജുകളിലേക്കുമായാണ് തസ്തിക അനുവദിച്ചത്.
കോളജ് അധ്യാപകരുടെ ജോലിഭാരം ഉയർത്തിയും പി.ജി ക്ലാസുകളിൽ ഒരു മണിക്കൂർ ഒന്നര മണിക്കൂർ ജോലിഭാരം ആയി പരിഗണിക്കുന്ന പി.ജി വെയ്റ്റേജ് എടുത്തുകളഞ്ഞുമാണ് പുതിയ തസ്തിക അനുവദിച്ചത്. ഇതുവഴി സംസ്ഥാനത്തെ കോളജുകളിൽ വരുംവർഷങ്ങളിൽ നൂറുകണക്കിന് തസ്തികകൾ ഇല്ലാതാകും. നിലവിൽ 16 മണിക്കൂർ ജോലിഭാരമാണ് ഒരു അധ്യാപക തസ്തിക സൃഷ്ടിക്കാൻ വേണ്ടത്.
ഇതിന് പുറമെ അധികമായി ഒമ്പത് മണിക്കൂർ ജോലിഭാരം ഉണ്ടെങ്കിൽ രണ്ടാമത്തെ തസ്തിക സൃഷ്ടിക്കാമായിരുന്നു. ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് ധനവകുപ്പ് ഇതിനെ എതിർത്തു.
ഇതോടെ മുഴുവൻ തസ്തികകൾക്കും 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കിയും പി.ജി വെയ്റ്റേജ് റദ്ദാക്കിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രതിഷേധത്തെ തുടർന്ന്, നിലവിൽ നിയമനാംഗീകാരം ലഭിച്ചവരെ ഒഴിവാക്കി പുതിയ നിയമനങ്ങൾക്ക് വ്യവസ്ഥ ബാധകമാക്കി സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തി. ഉത്തരവ് വഴി നിലവിൽ 16 മണിക്കൂറിൽ കുറഞ്ഞ ജോലിഭാരത്തോടെ ജോലി ചെയ്യുന്നവർ വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാകും.
16 മണിക്കൂറിൽ കുറഞ്ഞ ജോലി ഭാരമുള്ള എല്ലാ തസ്തികകളിലും ഗെസ്റ്റ് അധ്യാപകരെ നിയമിച്ചാൽ മതിയെന്നും സർക്കാർ ഉത്തരവിൽ നിർദേശിച്ചു.
ഫലത്തിൽ കോളജുകളിൽ സബ്സിഡിയറി വിഷയങ്ങൾക്കായുള്ള ഏകാധ്യാപക ഡിപ്പാർട്ട്മെൻറുകൾ നിലവിലുള്ളവരുടെ വിരമിക്കലോടെ ഇല്ലാതാകും. പുതിയ ജോലിഭാരം നിശ്ചയിച്ച സർക്കാർ ഉത്തരവിലൂടെ കോളജുകളിൽ കാലക്രമത്തിൽ മൂവായിരത്തോളം അധ്യാപക തസ്തിക ഇല്ലാതാകും.
ആയിരത്തിലധികം തസ്തിക വേണ്ടിടത്താണ് പുതിയ ജോലി ഭാരത്തിെൻറ അടിസ്ഥാനത്തിൽ ഇപ്പോൾ 721 തസ്തിക സൃഷ്ടിച്ചത്. സമീപഭാവിയിൽ സർക്കാർ കോളജുകളിലെ ഉൾപ്പെടെ അധ്യാപക നിയമനം ഗണ്യമായി കുറയാൻ ഇടയാക്കുന്നതാണ് ജോലിഭാരം ഉയർത്തിയുള്ള ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.