മാലിന്യ സംസ്കരണത്തിന് സർക്കാർ പുറമ്പോക്ക് തദ്ദേശ വകുപ്പിന് കൈമാറണമെന്ന് ഉത്തരവ്

തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന് സർക്കാർ പുറമ്പോക്ക് തദ്ദേശ വകുപ്പിന് കൈമാറണണെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുറമ്പോക്ക് ഭൂമിയുടെ ഉടമാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി തദ്ദേശവകുപ്പിന് കൈമാറുന്നതിന് കലക്ടർമാർക്ക് അനുമതി നൽകി.

ഖര മാലിന്യ സംസ്കരണം, സ്വീവേജ് സെപ്റ്റേജ് സംസ്കരണം, മറ്റ് ഖരമാലിന്യ സംസ്കരണം എന്നിവക്കായി ഭൂമി കൈമാറണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമി കണ്ടുപിടിക്കുവാനും കലക്ടർമാർ ഇത്തരം ഭൂമി മാലിന്യ സംസ്കരണ ആവശ്യത്തിനായി മാറ്റി വെക്കാനും നിർദ്ദേശം നൽകിയിരുന്നു.

നിലവിലെ നിയമങ്ങൾ പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ ഭൂമി പാട്ടത്തിനു മാത്രമേ നൽകുവാൻ കഴിയുകയുള്ളൂ. മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി നോമിനൽ ലീസ് ആയോ ഫെയർ വാല്യൂ വാങ്ങിയോ ഭൂമി തദ്ദേശ സ്ഥാപനത്തിന് നൽകാവുന്നതാണെന്ന് ലാൻഡ് റവന്യൂ കമീഷണർ ശിപാർശ ചെയ്തിരുന്നു.

മാലിന്യ സംസ്കരണത്തിനായി കണ്ടെത്തുന്ന ഭൂമി കോർപ്പറേഷൻ പരിധിയിൽ 25 സെന്റ് വരെയും മുനിസിപ്പാലി പരിധിയിൽ 50 സെന്റ് വരെയും പഞ്ചായത്ത് പരിധിയിൽ രണ്ട് ഏക്കർ വരെയും കൈമാറി നൽകുന്നതിനു കലക്ടർക്ക് അധികാരം നൽകാമെന്നും ലാൻഡ് റവന്യൂ കമീഷണർ ശിപാർശ ചെയ്തു. തദ്ദേശസ്ഥാപനങ്ങൾക്ക് പാട്ടവ്യവസ്ഥയിൽ നൽകാവുന്ന ഭൂമിയുടെ പരിധിയും ഉയർത്താമെന്നും വ്യക്തമാക്കി.

അതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് മാത്രമായി ആവശ്യമായ സർക്കാർ പുറമ്പോക്ക് ഭൂമി ഓരോ കേസും പ്രത്യേകം പരിഗണിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി, തദ്ദേശ വകുപ്പിന് കൈമാറുന്നതിന് കലക്ടർമാർക്ക് അനുമതി നല്കിയാണ് ഉത്തരവ്. ഇത്തരത്തിൽ കൈമാറുന്ന ഭൂമിയുടെ ഉപയോഗം സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ റവന്യൂ വകുപ്പുമായി കൂടിയാലോചിച്ച് പുറപ്പെടുവിക്കാൻ തദ്ദേശവകുപ്പിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്

Tags:    
News Summary - Order that the government should transfer the waste to the local department for disposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.