ഓർഡർ ചെയ്ത ഭക്ഷണം നൽകിയില്ല; ഫുഡ് ഡെലിവറി ആപ്പിന് പിഴയിട്ട് ഉപഭോക്തൃ കോടതി

കൊല്ലം: ഭക്ഷണം ഓർഡർ ചെയ്തിട്ട് അത് നൽകാത്തതിനെ തുടർന്ന് ഫുഡ് ഡെലിവറി ആപ്പിനും റസ്റ്റോറന്റിനും പിഴയിട്ട് ഉപഭോക്തൃ കോടതി. 362 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത നിയമ വിദ്യാർഥിക്ക് അത് ലഭ്യമാക്കാത്തതിനെ തുടർന്നാണ് നടപടി. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്കും റെസ്റ്റോറന്റ് ഉടമയ്ക്കും ചേർത്ത് 8362 രൂപ പിഴ ഈടാക്കി. കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്.

ഭക്ഷണം ഡെലിവറി ചെയ്യാതിരിക്കുകയും പണം തിരിച്ചു നൽകാതിരിക്കുകയും ചെയ്തതോടെയാണ് ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർഥിയായ അരുൺ.ജി.കൃഷ്ണൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഉപഭോക്താവിന്റെ മാനസിക സംഘർഷത്തിന് നഷ്ടപരിഹാരമായി 5000 രൂപയും നടപടിച്ചെലവായി 3000 രൂപയും കമ്മീഷൻ വിധിച്ചു. ഉത്തരവിന്റെ തീയതി മുതൽ 45 ദിവസത്തിനകം സൊമാറ്റോയും റസ്റ്റോറന്റ് ഉടമയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇല്ലെങ്കിൽ പരാതിക്കാരന് 12% പലിശ നിരക്കിൽ തുക ഈടാക്കാൻ അർഹതയുണ്ടാകുമെന്നും കമ്മീഷൻ ഉത്തരവിട്ടു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 12 പ്രകാരമാണ് ഡൽഹി യൂണിവേഴ്‌സിറ്റി ഓഫ് ലോ ഫാക്കൽറ്റിയിലെ അവസാന വർഷ നിയമ വിദ്യാർത്ഥിയായ അരുൺ.ജി.കൃഷ്ണൻ കേസ് ഫയൽ ചെയ്തത്.

2019-ൽ, വിദ്യാർഥി ഒരു റെസ്റ്റോറന്റിൽ നിന്ന് സൊമാറ്റോ വഴി രണ്ട് ഓർഡറുകൾ നൽകി. എന്നാൽ അതേ ദിവസവും പിന്നീടും സൊമാറ്റോയുടെ പ്രതിനിധിയോടും റെസ്റ്റോറന്‍റ് അധികൃതരോടും ഒന്നിലധികം തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഭക്ഷണ സാധനങ്ങൾ എത്തിക്കുകയോ ഓർഡറിനുവേണ്ടി അടച്ച തുക തിരികെ നൽകുകയോ ചെയ്തില്ല.

താൻ ഡൽഹിയിൽ താമസിച്ചപ്പോഴും കമ്പനിയിൽ നിന്ന് സമാനമായ സംഭവങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് വിദ്യാർഥി കമ്മീഷന് മുമ്പിൽ പറഞ്ഞു. നോട്ടീസ് നൽകിയെങ്കിലും എതിർകക്ഷികൾ കമ്മീഷനുമുന്നിൽ ഹാജരായില്ല. അവരുടെ അസാന്നിധ്യത്തിലാണ് പിഴ ശിക്ഷ വിധിച്ചത്.

പ്രസിഡൻറ് ഇ.എം. മുഹമ്മദ് ഇബ്രാഹിം, അംഗങ്ങളായ എസ്.സന്ധ്യ റാണി, സ്റ്റാൻലി ഹാരോൾഡ് എന്നിവരുൾപ്പെട്ട കമ്മീഷനാണ് പലിശയും മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരവും കൂടാതെ 362 രൂപ റീഫണ്ട് ചെയ്യാൻ ഉപഭോക്താവിന് അർഹതയുണ്ടെന്ന് കണ്ടെത്തിയത്.

Tags:    
News Summary - Ordered food not served; Food delivery app fined by consumer court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.