തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഒാർഡിനറി ബസുകൾ സ്റ്റോപ്പുകളിൽ മാത്രമല്ല, യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തും. കയറുന്നതിനും സ്റ്റോപ് പരിഗണന ഒഴിവാക്കും. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിെൻറ ഭാഗമായുള്ള ക്രമീകരണങ്ങളിലാണ് ഇൗ നിർദേശമുള്ളത്. അൺലിമിറ്റഡ് ഒാർഡിനറി സർവിസുകൾ എന്ന പേരിലാണ് ഇത്തരം സർവിസുകൾ അറിയപ്പെടുക. അതേസമയം, സിറ്റി ഒാർഡിനറി സർവിസ് നാമമാത്രമായ വടക്കൻ ജില്ലകളിൽ ഇൗ ക്രമീകരണം ഇപ്പോൾ ആരംഭിക്കില്ലെന്നും നിർദേശങ്ങളിലുണ്ട്.
വരുമാനത്തിെൻറ മൂന്നിൽ രണ്ട് ഭാഗവും ഡീസൽ ചെലവിനായി മാറ്റിവെക്കേണ്ടിവരുന്നത് ഒഴിവാക്കാൻ കർശന ഇടപെടലുകൾക്കും തീരുമാനം. കിലോമീറ്ററിന് ചുരുങ്ങിയത് 25 രൂപയെങ്കിലും കിട്ടാത്ത സർവിസുകൾ ഒാടിക്കേണ്ടതില്ലെന്നാണ് തീരുമാനം. സർവിസ് അവസാനിപ്പിച്ച് ആളില്ലാതെ ഡിപ്പോയിലേക്കുള്ള മടക്കയാത്രക്കും ഇനി നിയന്ത്രണം വരും. ഇത്തരം സർവിസുകൾ നഗരാതിർത്തിക്ക് യാത്രക്കാരെ ലഭ്യമാകുന്നവിധം സ്റ്റേ സർവിസായി ക്രമീകരിക്കും. ഡിപ്പോയിൽനിന്ന് സ്റ്റേ ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് എത്ര ദൂരമുണ്ടോ എന്നത് കണക്കാക്കി കിലോമീറ്ററിന് രണ്ട് രൂപ നിരക്കിൽ ജീവനക്കാർക്ക് സ്റ്റേ അലവൻസും അനുവദിക്കും. ഇത്തരം സർവിസുകളിൽ സ്റ്റേ ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് യൂനിറ്റ് അധികൃതർക്കുള്ള നിർദേശം.
കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രതിദിനം 5000ത്തോളം സർവിസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 1500 സർവിസുകൾ മാത്രമാണുള്ളത്. ആവശ്യത്തിന് ബസുകളും ജീവനക്കാരുമുള്ള ഇൗ സാഹചര്യത്തിൽ വിവിധയിടങ്ങളിൽ സ്റ്റേ സർവിസുകളാക്കി നിർത്താൻ പ്രയാസമുണ്ടാകില്ലെന്നാണ് മാനേജ്മെൻറിെൻറ വിലയിരുത്തൽ.
കെ.എസ്.ആർ.ടി.സിക്കും യാത്രക്കാർക്കും ഗുണകരമാകുന്ന റൂട്ടുകൾ കണ്ടെത്തുന്നതിന് സാധ്യതാപഠനം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സെപ്റ്റംബർ 23നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് യൂനിറ്റ് ഒാഫിസർമാർക്കും ഡിപ്പോകൾക്കുമുള്ള നിർദേശം. ഷെഡ്യൂളുകൾ സമഗ്രമായി പരിഷ്കരിക്കലാണ് ലക്ഷ്യമിടുന്നത്. പുതിയ ക്രമീകരണങ്ങളിലൂടെ ഡീസൽ ഉപഭോഗത്തിൽ മാസം 15 ശതമാനം കുറവ് വരുത്താനും വരുമാനത്തിൽ 25 ശതമാനം വർധനവുണ്ടാക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ജൂലൈയിൽ വരുമാനം 21 കോടി, ഇന്ധനച്ചെലവ് 14.3 കോടി
കെ.എസ്.ആർ.ടി.സിക്ക് ജൂണിലെ ആകെ വരുമാനം 32 കോടി രൂപ. ഇതിൽ 22 കോടിയും ഇന്ധന ഇനത്തിൽ ചെലവായി. ജൂൈലയിൽ 21 കോടിയായി വരുമാനം കുറഞ്ഞപ്പോൾ ഡീസൽ ഇനത്തിൽ ചെലവായത് 14.3 കോടി. സാധാരണ ഡീസൽ ചെലവ് മൊത്തം ചെലവിെൻറ 50 ശതമാനത്തിൽ താഴെ ആയിരുന്നതാണ് ഇപ്പോൾ വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.