അവയവക്കച്ചവടം: ആസൂത്രണം ഇറാനിൽ; നാല് ദാതാക്കളെ ചോദ്യം ചെയ്തു

നെടുമ്പാശ്ശേരി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് അവയവം ദാനം ചെയ്ത ഏതാനും പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. അനധികൃതമായി അവയവം ദാനം ചെയ്തതിന് ഇവർക്കെതിരെ കേസെടുക്കുന്നതിനുമുമ്പ് അവയവം നഷ്ടമായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ വൈദ്യപരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതര സംസ്ഥാനക്കാരായ നാലുപേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ഇറാനിൽനിന്ന് നേരിട്ടാണ് തങ്ങളെ പലപ്പോഴും വിളിച്ചതെന്ന് ഇവർ മൊഴി നൽകി. കൊച്ചി സ്വദേശിയായ മധുവും തൃശൂർ സ്വദേശി സാബിത്തുമാണ് ഇറാനിൽനിന്ന് ദാതാക്കളെ വിളിച്ചിട്ടുള്ളത്. സജിത് ശ്യാം എന്നയാൾ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതും ഇറാനിൽനിന്നുള്ള നിർദേശപ്രകാരമാണ്.

പ്രത്യേക അന്വേഷണ സംഘത്തിലെ ഒരുവിഭാഗം ഇപ്പോൾ ഹൈദരാബാദിലുണ്ട്. സാബിത്തിന്‍റെയും സജിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച മൂന്നുപേരെ പിടികൂടുന്നതിനാണ് ഇവർ ഹൈദരാബാദിലെത്തിയത്. അവയവദാനവുമായി ബന്ധപ്പെട്ട് സംശയനിഴലിലായിരുന്ന സ്ത്രീക്ക് ഇതുമായി ബന്ധമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ ഇൻഷുറൻസ് ആവശ്യത്തിനായാണ് പലരുമായും ബന്ധപ്പെട്ടത്. ഈ റാക്കറ്റുമായി ബന്ധമുള്ള ഒരാളുടെ ബന്ധുവാണ് സ്ത്രീ. സാബിത്ത് 2019 മുതൽ ഇറാനിലാണ്. ഇൻറർനെറ്റ് വഴിയാണ് സംഘം അവയവ ദാതാക്കളെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മധുവും സാബിത്തും ഇറാനിൽ ഉപയോഗിച്ചിരുന്ന ഫോണുകൾ കണ്ടെത്തി പരിശോധിക്കേണ്ടതുമുണ്ട്.

അറസ്റ്റിലായ പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇതുവരെ നേരിട്ടെത്തി ചോദ്യം ചെയ്തിട്ടില്ല. എന്നാൽ, പൊലീസിൽനിന്ന് വിവരങ്ങൾ തേടുന്നുണ്ട്. ഇറാൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രധാനമായതിനാൽ എൻ.ഐ.എ തന്നെ അന്വേഷണം ഏറ്റെടുക്കാനാണ് സാധ്യത.

Tags:    
News Summary - Organ Trafficking: Planning in Iran; Four donors were questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.