തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണത്തിൽ അസാധാരണ ഇടപെടലുമായി എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. പി.വി. അൻവർ എം.എൽ.യുടെ ആരോപണങ്ങളിൽ അജിത്കുമാറിനെതിരായ അന്വേഷണസംഘത്തിൽ തുടരുന്നതിന് രണ്ട് കീഴുേദ്യാഗസ്ഥർ അസംതൃപ്തി അറിയിച്ചതിന് പിന്നാലെയാണിത്. അന്വേഷണം പൂർത്തിയാകുംവരെ ദൈനംദിന പ്രവർത്തനങ്ങൾ തനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നാണ് അജിത്കുമാർ കീഴുദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
നേരിട്ട് ഡി.ജി.പിക്കോ ഉത്തരമേഖല ഐ.ജിക്കോ റിപ്പോർട്ട് ചെയ്യാനും പറയുന്നു. ഡി.ജി.പിയെയും ആഭ്യന്തരവകുപ്പിനെയുമെല്ലാം മറികടന്നാണിത്. കത്തിന്റെ പകർപ്പ് ഡി.ജി.പിക്കും നൽകി. മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ പരിമിതിയുണ്ടെന്നും അതിനാല്‍ സംഘത്തില്‍നിന്ന് മാറ്റണമെന്നും ഡി.ജി.പി വിളിച്ച യോഗത്തില്‍ ഐ.ജി സ്പർജൻ കുമാറും ഡി.ഐ.ജി തോംസൺ ജോസും ആവശ്യപ്പെട്ടിരുന്നു.
സർക്കാർ ഉത്തരവിറങ്ങിയതിനാൽ മാറ്റാൻ പറ്റില്ലെന്നും അന്വേഷണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും ഡി.ജി.പി അറിയിച്ചതോടെയാണ് ഇവർ തുടരാൻ തയാറായത്. ഇരുവരും നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് എ.ഡി.ജി.പിക്കാണ്. ഇവരുടെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് എഴുതുന്നതും അജിത്കുമാറാണ്. റേഞ്ചിലെ ക്രമസമാധാന പ്രശ്നങ്ങളും കേസുകളും സംബന്ധിച്ച് ദിവസവും രാവിലെ റേഞ്ച് ഐ.ജിമാരും ഡി.ഐ.ജിമാരും റിപ്പോർട്ട് നൽകേണ്ടതും അജിത്കുമാറിനാണ്.
എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തെകുറിച്ച് എങ്ങനെ അദ്ദേഹത്തിന് റിപ്പോർട്ട് ചെയ്യുമെന്നായിരുന്നു കീഴുദ്യോഗസ്ഥരുടെ ചോദ്യം. അന്‍വര്‍ ആരോപിച്ച കൊലക്കേസിന്റെ സി.ഡി ഫയല്‍ അടക്കം ഹാജരാക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. മറ്റ് ആരോപണങ്ങളില്‍ നാല് സംഘങ്ങളായി തിരിഞ്ഞ് തെളിവ് ശേഖരിക്കും. അജിത്കുമാറിന്റെ കവടിയാറിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസിന് ലഭിച്ച പരാതികൂടി ഏറ്റെടുക്കും.
സംഘത്തിലെ നാലുപേർക്കും ഡി.ജി.പിയുടെ അനുമതിയോടെ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കാം. ഇന്റലിജൻസ് എസ്.പി എ. ഷാനവാസ്, ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ എന്നിവരാണ് മറ്റ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.