പേരാവൂർ (കണ്ണൂർ): ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള വെളിപ്പെടുത്തലിനുപിന്നാലെ ഗുരുതര ആരോപണവുമായി നിടുംപൊയിലിലെ ആദിവാസി യുവതി. വൃക്ക വാണിഭ സംഘത്തിനെതിരെ രണ്ടുമാസം മുമ്പു മുതൽ താൻ ഡി.ഐ.ജി തലം വരെ നൽകിയ പരാതിയിൽ അന്വേഷണം വൈകിയതായി യുവതി ‘മാധ്യമ’ത്തോട് പറഞ്ഞു. അവയവ ദാനത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നുവെന്ന് യുവതി പറയുന്നു. പരാതിയിൽ യുവതിയുടെ ഭർത്താവ് അനിൽ കുമാറിനെ ഒന്നാം പ്രതിയായും പെരുന്തൊടി ബെന്നിയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്.
രണ്ടുമാസം മുമ്പേ ഡി.ഐ.ജിക്കുവരെ പരാതി നൽകിയിട്ടും ഒരു നടപടിയുമെടുക്കാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ ഉന്നതതല ബന്ധമുണ്ടോയെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്.അതേസമയം, യുവതിയുടെ വെളിപ്പെടുത്തലിൽ പേരാവൂർ ഡിവൈ.എസ്.പി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരത്തിലുള്ള അവയവ കച്ചവടത്തിൽ മറ്റാരെങ്കിലും ഇരകളായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി ടി.കെ. അഷ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
യുവതിയും മക്കളും താമസിച്ചുവരുന്ന കണിച്ചാർ 24ാം മൈലിലെ വീട്ടിൽ മേയ് 14 മുതൽ 20 വരെ തീയതികളിൽ ഭർത്താവ് അതിക്രമിച്ചുകയറി മണ്ണെണ്ണ ഒഴിച്ച് കൊല്ലുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ അമ്മയെയും ചീത്തവിളിച്ചുവെന്നുമാണ് കേളകം പൊലീസിൽ നൽകിയ പരാതി. എറണാകുളത്ത് എത്താൻ പറഞ്ഞത് വിസമ്മതിച്ചതിനെത്തുടർന്ന് ഇടനിലക്കാരനെന്നു പറയപ്പെടുന്ന ബെന്നി ഇവരെ ഫോണിൽ വിളിച്ച് തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.