നെടുമ്പാശ്ശേരി: ഇറാനിലേക്ക് അവയവക്കടത്ത് നടത്തിയ കേസിൽ മുഖ്യ പ്രതികളിലൊരാൾ അറസ്റ്റിൽ. ഹൈദരാബാദ് വിജയവാഡ സ്വദേശി പ്രതാപൻ എന്ന ബല്ലം രാംപ്രസാദ് ഗോണ്ടയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. നേരത്തേ പിടിയിലായ സബിത്ത് നാസർ, സജിത് ശ്യാം എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് റൂറൽ എസ്.പി ഡോ. വൈഭവ് സക്സേന പറഞ്ഞു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നത് മനസ്സിലാക്കിയ ഇയാൾ മൊബൈൽ ഫോൺ ഓഫാക്കി വിജയവാഡയിലെ ഒരു ഹോട്ടലിൽ തങ്ങുകയായിരുന്നു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് പിന്നീട് കസ്റ്റഡിയിൽ വാങ്ങും.
വിജയവാഡയിൽ വലിയ രീതിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ബല്ലം രാംപ്രസാദ് ഓൺലൈൻവഴിയാണ് ആദ്യം അവയവ ദാനത്തിന് സന്നദ്ധരായവരെ കണ്ടെത്തിയിരുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടിൽ സാമ്പത്തിക പ്രതിസന്ധി വന്നതിനെത്തുടർന്ന് ഇയാൾ ആദ്യം അവയവം വിൽക്കാൻ ഇറാനിലേക്ക് ബന്ധപ്പെടുകയായിരുന്നു. എന്നാൽ, പ്രമേഹമുൾപ്പെടെ അസുഖമുണ്ടായിരുന്നതിനാൽ സാധ്യമായില്ല. പിന്നീടാണ് അവയവക്കടത്ത് തൊഴിലായി സ്വീകരിക്കുന്നത്.
അവയവം നൽകാൻ സന്നദ്ധമാകുന്നവരെ ഇന്ത്യയിൽനിന്ന് ഇറാനിലേക്ക് കടത്തിവിടുന്നത് രാംപ്രസാദാണ്. ശസ്ത്രക്രിയയുൾപ്പെടെ മറ്റ് കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇറാനിൽ ഒളിവിൽ കഴിയുന്ന പാലാരിവട്ടം സ്വദേശി മധുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.