തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരായ കലാകാരന്മാർ ഒരുക്കുന്ന കലാമൂല്യമുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. റേറ്റിങ് കുറഞ്ഞ താരങ്ങളുടെ സിനിമകൾക്ക് പ്രദർശനത്തിലുള്ള അവസരം കുറവാണ്. തിയറ്ററുകളിൽ പ്രദർശിപ്പിച്ച മെഗാസ്റ്റാർ സിനിമകൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങുന്നതിെൻറയും നിലവിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം വാടകക്കെടുന്നതിെൻറയും സാധ്യതകൾ പരിശോധിക്കുന്നുണ്ട്. നാടകം ഉൾപ്പെടെ സ്റ്റേജ് ഷോകൾ അവതരിപ്പിച്ച് ജനങ്ങളിലെത്തിക്കാനുള്ള പ്ലാറ്റ്ഫോമിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ സിനിമ മേഖലയെ വ്യവസായമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എല്ലാ സിനിമകളും ഷൂട്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ ചിത്രാഞ്ജലി സ്റ്റുഡിയോ വികസിപ്പിക്കാൻ 150 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 65 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സീരിയലുകളുമായി ബന്ധപ്പെട്ട് കുടുംബങ്ങളിലെ മാനസിക സംഘർഷങ്ങൾ വർധിക്കുന്നതായി ആക്ഷേപമുണ്ട്. സീരിയലുകൾ കലാമൂല്യമുള്ളതാക്കാൻ ഇടപെടൽ ആവശ്യമാണ്. സ്ത്രീധനത്തിനെതിരെ സാംസ്കാരിക വകുപ്പ് ബോധവത്കരണ പരിപാടി നടപ്പാക്കും.
എൻ.സി.സി, എൻ.എസ്.എസ്, നെഹ്റു യുവകേന്ദ്ര, യുവജന കമീഷൻ തുടങ്ങി എട്ട് സർക്കാർ അംഗീകൃത സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും. ബാലഭവനുകളുടെ പ്രവർത്തനം ആദ്യം 14 ജില്ലകളിലേക്കും രണ്ടാംഘട്ടത്തിൽ 140 നിയമസഭ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.