കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇൗറ്റില്ലമായ കണ്ണൂരിൽ തെരഞ്ഞെടുപ്പ് ചിത്രത്തിൽ സി.പി.െഎ കളത്തിനുപുറത്ത്. പാർട്ടി സ്ഥാനാർഥിക്ക് ഇത്തവണ ജില്ലയിലെ ഒരു മണ്ഡലത്തിലും സീറ്റില്ല. എൽ.ഡി.എഫിലെ പുതിയ ഘടക കക്ഷിയായ കേരള കോൺഗ്രസ് -എം മാണി വിഭാഗത്തിന് മത്സരിക്കാൻ വഴിയൊരുക്കിയതാണ് സി.പി.െഎക്ക് വിനയായത്. സി.പി.െഎക്ക് വിട്ടുനൽകാറുള്ള ഇരിക്കൂർ മണ്ഡലത്തിൽ ഇത്തവണ കേരള കോൺഗ്രസ് സ്ഥാനാർഥിയാണ് ജനവിധി തേടുന്നത്.
ഇതിനുപകരം പേരാവൂർ വിട്ടുനൽകണമെന്ന സി.പി.െഎയുടെ ആവശ്യവും എൽ.ഡി.എഫിൽ പരിഗണിക്കപ്പെട്ടില്ല. പേരാവൂരിൽ സി.പി.എം സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കണ്ണൂരില്‍ മത്സരിച്ചുകൊണ്ടിരുന്ന സീറ്റ് അടിയറവെക്കേണ്ടി വന്നതും പകരം മറ്റൊന്ന് നേടാന്‍ കഴിയാത്തതും സംബന്ധിച്ച് സി.പി.ഐ അണികളില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലും കോര്‍പറേഷനിലും രണ്ട് സീറ്റും ചില നഗരസഭകളില്‍ ഒന്നിലധികം സീറ്റുകളുമുണ്ട് സി.പി.ഐക്ക്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ സി.പി.എമ്മിന് പിറകില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് സി.പി.ഐയാണ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് -എസിനു പോലും സിറ്റിങ് സീറ്റ് നല്കി.
ഇരിക്കൂറിൽ 2011ൽ സി.പി.െഎ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, 2016ൽ അസി. സെക്രട്ടറി കെ.ടി. ജോസ് എന്നിവരായിരുന്നു യു.ഡി.എഫിലെ കെ.സി. ജോസഫിനെതിരെ ജനവിധി തേടിയിരുന്നത്. കേരള കോൺഗ്രസ് -എം ജില്ല പ്രസിഡൻറ് സജി കുറ്റ്യാനിമറ്റമാണ് ഇത്തവണ ഇരിക്കൂറിൽ ജനവിധി തേടുന്നത്.
കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ കണ്ണൂരിൽനിന്ന് ജയിച്ച് നിയമസഭയിലെത്തിയ ഏക സി.പി.െഎ സ്ഥാനാർഥി എൻ.ഇ. ബലറാം ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു ശേഷം 1970ൽ കോൺഗ്രസ് പിന്തുണയോടെയാണ് ഇദ്ദേഹം തലശ്ശേരി മണ്ഡലത്തിൽനിന്ന് ജയിച്ചത്. തുടർന്ന് സി. അച്യുതമേനോൻ മന്ത്രിസഭയിൽ അദ്ദേഹം വ്യവസായ മന്ത്രിയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.