തൃശൂർ: ബി.എസ്.എൻ.എല്ലിൽ സ്വയം വിരമിക്കലിന് അപേക്ഷിക്കാനുള്ള ദിവസം അവസാനിച്ചപ്പോൾ ദേശീയ തലത്തിൽ 78,569 പേർ പുറത്ത് പോകാൻ സന്നദ്ധത അറിയിച്ചു. അർഹതയുള്ളവരിൽ 75.2 ശതമാനമാണ് വിരമിക്കാൻ അപേക്ഷ നൽകിയത്. കേരളത്തിൽ 4,569 അപേക്ഷകരാണുള്ളത്. അർഹതയുള്ളവരിൽ 68.9 ശതമാനവും കേരള സർക്കിളിൽ ബി.എസ്.എൻ.എൽ വിടാൻ തീരുമാനിച്ചു.
1960 മുതൽ 1970 വരെ ജനന വർഷമായുള്ള എക്സിക്യൂട്ടിവുകൾക്കും ജീവനക്കാർക്കും മറ്റുമാണ് വി.ആർ.എസിന് അപേക്ഷിക്കാൻ അർഹത നിശ്ചയിച്ചിരുന്നത്. ഇതിൽ ഡെപ്യൂട്ടി ജനറൽ മാനേജർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ട‘ഗ്രൂപ് എ’യിൽ 5,661 പേർ അർഹരായിരുന്നു. അതിൽ 4,295 പേരും അപേക്ഷ നൽകിയിട്ടുണ്ട്. ജൂനിയർ ടെലികോം ഓഫിസർ, സബ് ഡിവിഷനൽ എൻജിനീയർ, ഡിവിഷനൽ എൻജിനീയർ എന്നിവരടങ്ങുന്ന ഗ്രൂപ് ‘ബി’യിൽ 9,010 പേർ വി.ആർ.എർ.എസിന് അപേക്ഷിച്ചു. 11,971 പേർക്കാണ് അർഹതയുണ്ടായിരുന്നത്.
ടെലികോം ടെക്നീഷ്യൻ, ക്ലർക്ക്, ജൂനിയർ എൻജിനീയർ എന്നിവരടങ്ങുന്ന ഗ്രൂപ് ‘സി’യിൽ 54,994 ബി.എസ്.എൻ.എൽ വിടും. ഈ വിഭാഗത്തിൽ 71,007 പേർക്കാണ് അർഹത ഉണ്ടായിരുന്നത്. മസ്ദൂർ വിഭാഗക്കാരടങ്ങുന്ന ഗ്രൂപ് ‘ഡി’യിൽ അർഹതയുള്ള 15,302 പേരിൽ 9,936 പേർ അപേക്ഷിച്ചിട്ടുണ്ട്. ടെലികോം ഫാക്ടറി ജീവനക്കാരുടെ (ഇൻഡസ്ട്രിയൽ വർക്കേഴ്സ്) വിഭാഗത്തിൽ 334 പേരും കമ്പനി വിട്ട് പോകാൻ തീരുമാനിച്ചു. ഇതിൽ 530 പേർക്കാണ് അർഹതയുണ്ടായിരുന്നത്.
കേരള സർക്കിളിൽ ഗ്രൂപ് ‘എ’യിൽ 469ൽ 378 പേരും ‘ബി’യിൽ 914ൽ 771 പേരും ‘സി’യിൽ 4,961ൽ 3,417 പേരും ‘ഡി’യിൽ 328ൽ 154 പേരും ബി.എസ്.എൻ.എൽ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കേരള സർക്കിളിൽ 6,671 പേർക്കാണ് വി.ആർ.എസിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്.
നവംബർ നാല് മുതൽ ഡിസംബർ മൂന്ന് വരെയാണ് അപേക്ഷിക്കാൻ സമയം അനുവദിച്ചിരുന്നത്. അപേക്ഷകരിൽ 5,281 പേർ പിൻവാങ്ങി. അപേക്ഷകൾ ഉന്നതതല സമിതി പരിശോധിച്ച് തീരുമാനമെടുക്കും. വി.ആർ.എസിന് അംഗീകാരം ലഭിക്കുന്നവരുടെ സേവനം ജനുവരി 31ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.