കല്പറ്റ: പച്ചക്കറികളുടെ അസാധാരണ വിലക്കയറ്റത്തിൽ സ്തംഭിച്ചിരിക്കുകയാണ് മലയാളി. തക്കാളിക്കും പച്ചമുളകിനും ചെറിയ ഉള്ളിക്കും നൂറുകടന്നപ്പോൾ മറ്റുള്ള മിക്ക പച്ചക്കറികൾക്കും മൂന്നിരട്ടിവരെയാണ് വിലവർധന. സാധാരണ ഓണം സീസണിൽ പച്ചക്കറികൾക്ക് വില വർധിക്കാറുണ്ടെങ്കിലും ജൂൺ-ജൂലൈ മാസങ്ങളിൽ വില വർധനവ് അസാധാരണമാണെന്നാണ് വ്യാപാരികൾ പറയുന്നത്. അടുക്കളയിൽ ഒഴിച്ചുനിർത്താനാവാത്ത തക്കാളിതന്നെയാണ് വിലയുടെ കാര്യത്തിൽ വില്ലൻ. ജൂൺ ആദ്യം കിലോക്ക് 40 രൂപയായിരുന്ന തക്കാളിയുടെ വില ഇപ്പോൾ 120 രൂപയിലെത്തി.
നാടൻ തക്കാളിക്കും അതിനോടടുത്തുതന്നെയാണ് വില. പച്ചമുളകിന് 85 രൂപയാണ് കർണാടകയിലെ മൊത്തവില. കേരളത്തിലെ വിപണിയിലെത്തുമ്പോഴേക്കും 110-120 വരേയാകും. തമിഴ്നാട്ടിലെ ഒഡൻചത്രത്തിൽനിന്ന് പ്രധാനമായും കേരളത്തിലെത്തുന്ന ചെറിയ ഉള്ളിക്കും 100 കടന്നു. മൂന്നിരട്ടി വില വർധനവാണ് ഒരുമാസംകൊണ്ട് മിക്ക പച്ചക്കറികൾക്കും ഉണ്ടായത്. ബീൻസിന്റെ വില 90ലേക്ക് ഉയർന്നു. 95 രൂപയായിരുന്ന ഉണ്ട പച്ചമുളകിന് ഇപ്പോൾ 120 രൂപ. കഴിഞ്ഞ മാസം ആദ്യം 80 രൂപയായിരുന്ന മല്ലിച്ചപ്പ് ഇപ്പോൾ വിൽപന 140 രൂപക്കാണ്. 40 രൂപയുണ്ടായിരുന്ന കാരറ്റിന് 100 രൂപയോടടുത്തെത്തി. വെളുത്തുള്ളിക്ക് 130 രൂപയാണ് ഇപ്പോഴത്തെ വില.
കർണാടകയിൽനിന്നും തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഒഡൻചത്രം, ഊട്ടി എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും കേരളത്തിലെ വിപണിയിലേക്ക് പച്ചക്കറി എത്തുന്നത്. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കച്ചവടക്കാർ തക്കാളിക്ക് മഹാരാഷ്ട്രയിലെ നാസിക്കിനെയായിരുന്നു പ്രധാനമായും ആശ്രയിക്കുന്നത്. അവിടെ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ ഡൽഹി മുതലുള്ള സംസ്ഥാനങ്ങളിലെ കച്ചവടക്കാർ കർണാടകയിലേക്കെത്തിയതാണ് ഇപ്പോഴത്തെ വൻ വിലവർധനവിന് കാരണമെന്ന് കല്പറ്റയിലെ പച്ചക്കറി മൊത്തവിതരണ കച്ചവടക്കാരനായ എം.എ വെജിറ്റബിൾസ് ഉടമ കുഞ്ഞു പറയുന്നു. വില കുതിച്ചുയർന്നതോടെ വിൽപനയും ഗണ്യമായി കുറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾക്കും വില വർധന വേണ്ടുവോളമുണ്ട്. ചെറിയ ജീരകത്തിനാണ് റെക്കോഡ് വില. നേരത്തേ കിലോക്ക് 360-380 രൂപ വിലയുണ്ടായിരുന്ന ചെറിയ ജീരകത്തിന് 740 രൂപയാണ് ഇപ്പോഴത്തെ വില. പരിപ്പിനും വില നന്നായി വർധിച്ചിട്ടുണ്ട്. 150 രൂപയാണ് കിലോക്ക് ഇപ്പോഴത്തെ വില.
തിരുവനന്തപുരം: പൊതുവിപണിയിൽ പച്ചക്കറി വില കുതിക്കുന്നത് നിയന്ത്രിക്കാൻ ഹോർട്ടികോർപിന്റെ മൊബൈൽ യൂനിറ്റുകൾ അടുത്തയാഴ്ച മുതൽ ജില്ലകളിൽ. ഇതര സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി സംഭരിച്ച് യൂനിറ്റുകളിലൂടെ വിൽക്കുകയാണ് ഉദ്ദേശ്യം. ആവശ്യം കൂടുതലുള്ള ജില്ലകളിൽ ഒന്നിലധികം യൂനിറ്റുകൾ അനുവദിക്കുമെന്ന് ഹോർട്ടികോർപ് അറിയിച്ചു. പച്ചക്കറി കിറ്റുകളും യൂനിറ്റുകൾ വഴി വിൽക്കും. ഹോർട്ടികോർപ് വിൽപനശാലകളിൽ വിലകുറച്ച് പച്ചക്കറി വിൽക്കുന്നതിനു പുറമേയാണിത്. ചൊവ്വയോ ബുധനോ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം.
പൊതുവിപണിയിൽ പച്ചക്കറി വില ഓരോ ദിവസവും കുതിക്കുമ്പോൾ 50 രൂപ വരെ വിലകുറച്ചാണ് ഹോർട്ടികോർപ് വിൽപനശാലകളിൽ വിൽക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥവ്യതിയാനവും മഴക്കുറവുമാണ് പച്ചക്കറി വില ഉയരാൻ കാരണമായത്. പല സംസ്ഥാനങ്ങളിലും പച്ചക്കറി ഉൽപാദനത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. പൊതുവിപണിയെക്കാളും വില കൂട്ടിയാണ് ചില ജില്ലകളിൽ ചില്ലറ വിൽപന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.