കോഴിക്കോട്: ട്രാൻസ്ജെൻഡർ വിഭാഗത്തിലെ കേരള സർക്കാറിന്‍റെ ആദ്യ ചലച്ചിത്ര പുരസ്കാരം 'അന്തരം' സിനിമയിലെ നേഹക്ക്. ട്രാൻസ്ജെൻഡർ വിഷയം മുഖ്യപ്രമേയമാക്കി 'മാധ്യമം' ദിനപത്രത്തിലെ സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്താണ് അന്തരം സംവിധാനം ചെയ്തത്. ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായാണ് നായികയാവുന്നത്.
തെരുവ് ജീവിതത്തിൽ നിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ട്രാൻസ് വുമൺ കഥാപാത്രത്തിന്‍റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരം.
ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരം. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്‍ സമൂഹത്തിന്‍റെ സാമൂഹിക, രാഷ്‍ട്രീയാവസ്ഥകളും പറഞ്ഞത്. ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി. അഭിജിത്ത്.
ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിലാണ് സിനിമയൊരുക്കിയത്. കോഴിക്കോട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലായി എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ. രേവതിയും അതിഥി താരമായി അഭിനിയച്ചിരുന്നു.
രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്‍സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ വി ജിയോ, ബാബു ഇലവുംതിട്ട, ഗാഥ പി, രാഹുല്‍ രാജീവ്, ബാസില്‍ എന്‍, ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.