'മംഗലശ്ശേരി നീലകണ്ഠനെ ഓർമിപ്പിക്കുന്ന പൗരുഷ ധാർഷ്ട്യം'; എം.ബി രാജേഷിൻെറ പ്രചാരണ വീഡിയോക്കെതിരെ പി. ഗീത

കോഴിക്കോട്: തൃത്താലയിലെ ഇടതു സ്ഥാനാർത്ഥി എം.ബി രാജേഷിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്കെതിരെ സമൂഹിക പ്രവർത്തക പി. ഗീത. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോക്കെതിരെയാണ് പി. ഗീത ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

'തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർഥിയുടെ ഷൂ എൻട്രി, കുട ചൂടൽ, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യനാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിേൻറതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക?' എന്നാണ് ഗീത ചോദിക്കുന്നത്.

'രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത്!' എന്നും ഫേസ്ബുക്കിൽ ഗീത കുറ്റപ്പെടുത്തുന്നു.

പാലക്കാട് ജില്ലയിലെ തൃത്താലയിൽ മുൻ എം.പി എം.ബി രാജേഷിനെ സി.പി.എം സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കോൺഗ്രസിലെ യുവ

നേതാവ് വി.ടി ബൽറാമാണ് നിലവിൽ ഇവിടെ എം.എൽ.എ. കഴിഞ്ഞ തവണ സുബൈദ ഇസ്ഹാഖായിരുന്നു ഇവിടെ സി.പി.എം സ്ഥാനാർഥി. അന്ന് 10,547 വോട്ടിനായിരുന്നു ബൽറാമിൻെറ ജയം. തൃത്താലയിൽ ബൽറാമിനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന നിർദേശമാണ് രാജേഷിന് തുണയായത്.

പി. ഗീതയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു കാര്യം വളരെ വ്യക്തമാണ്.
മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവർത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർഥിയുടെ ഷൂ എൻട്രി, കുട ചൂടൽ, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യനാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിൻ്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക? രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത് !
മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.