മുസ്​ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ട വിധി; പി. ജയരാജന്‍റെ പ്രതികരണം

കണ്ണൂർ: വധശ്രമക്കേസിൽ മുസ്​ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ട സംഭവത്തിൽ വിധിപ്പകർപ്പ്‌ കിട്ടിയതിനു ശേഷം പ്രതികരിക്കാമെന്ന് സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ജയരാജൻ.

'പട്ടുവം അരിയിലിൽ‌ ലീഗ്‌ ആക്രമണങ്ങൾ നടന്ന പ്രദേശത്ത്‌‌ എത്തിയ ഞാനും ടി.വി. രാജേഷും ഉൾപ്പടെയുള്ള സി.പി.എം പ്രവർത്തകരെ ലീഗുകാർ ആക്രമിച്ച കേസിൽ പ്രതികളെ വെറുതെ വിട്ട്‌ കൊണ്ടുള്ള വിധി വന്നിരിക്കുകയാണ്‌. ഇതേ കുറിച്ച്‌ പ്രതികരണം ആരാഞ്ഞുകൊണ്ട്‌ മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. വിധിപ്പകർപ്പ്‌ കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തും' -പി. ജയരാജൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

വിവാദമായ അരിയിൽ ഷുക്കൂർ വധത്തിലേക്ക് നയിച്ച അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെയാണ് കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. മുസ്​ലിം ലീഗ്​ പ്രവർത്തകരായ 12 പേരാണ് പ്രതികൾ​.

തളിപറമ്പ് അരിയില്‍ വെച്ച് 2012 ഫെബ്രുവരി 20നായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്നത്തെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ്​ എം.എൽ.എ എന്നിവരടങ്ങുന്ന സി.പി.എം നേതാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ലീഗ്​ പ്രവർത്തകരായ അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് തുടങ്ങിയവരെയാണ് കേസിൽ കോടതി വിറുതെ വിട്ടത്.

കേസിൽ ആകെ 14 പ്രതികളാണുള്ളത്​​. പ്രായ പൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേരുടെ വിചാരണ പയ്യന്നൂർ സബ്​ കോടതിയിലാണ്​. ഇതിന്‍റെ വിചാരണ പൂർത്തിയായയിട്ടില്ല.

യൂത്ത്​ ലീഗ്​ പ്രവർത്തകനായ അരിയിൽ ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച കേസായാണ് ഈ അക്രമം അറിയപ്പെടുന്നത്. നേതാക്കളെ അക്രമിച്ച വിരോധത്തിൽ ഷുക്കൂർ അടക്കമുള്ള ആറോളം യൂത്ത്​ ലീഗ്​ പ്രവർത്തകരെ അരിയിലിലെ വയലിൽ വെച്ച്​ സി.പി.എം പ്രവർത്തകർ 'പാർട്ടി വിചാരണ' നടത്തുകയും ഷുക്കൂറിനെ വധിക്കുകയുമായിരുന്നുവെന്നാണ്​ കേസ്​.

Tags:    
News Summary - p jayarajan facebook post on murder attempt case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.