തൊടുപുഴ: കൊട്ടക്കാമ്പൂരിലെ ജോയ്സ് ജോർജ് എം.പിയുടെ പട്ടയം ദേവികുളം സബ് കലക്ടർ റദ്ദാക്കിയതിന് പിന്നാലെ ഭൂപ്രശ്നങ്ങളിൽ ജില്ല ഭരണകൂടത്തെ ചൊൽപടിയിലാക്കി സി.പി.എം ഇടപെടൽ. മന്ത്രി എം.എം. മണിയടക്കം മുഖ്യമന്ത്രിയെ സമീപിച്ച് നടത്തിയ നീക്കത്തിൽ സി.പി.എം താൽപര്യങ്ങൾക്ക് കലക്ടർ വഴങ്ങിയെന്നാണ് മൂന്നാർ സ്പെഷൽ തഹസിൽദാറെ പിൻവലിച്ചതടക്കം നടപടികൾ നൽകുന്ന സൂചന.
റവന്യൂ വകുപ്പിനെതിരെ ആഞ്ഞടിച്ച സി.പി.എം, റവന്യൂ-വനം മന്ത്രിമാർക്കെതിരെ ഹർത്താലും പ്രഖ്യാപിച്ചതിനിടെയാണ്, പാർട്ടി ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ മാറ്റി കലക്ടർ ഉത്തരവിട്ടത്. മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവന്ന സ്പെഷൽ തഹസിൽദാർ എം.ജെ. േതാമസിനെ അടിയന്തരമായി മാറ്റിയത് കൂടാതെ സബ് കലക്ടറുടെ ഒാഫിസിലെ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. സബ് കലക്ടറുടെ ഒാഫിസിലെ ഭൂമി കൈയേറ്റ ഫയലുകൾ കൈകാര്യം ചെയ്തിരുന്നവരെ കൂട്ടത്തോടെ മാറ്റിയ കലക്ടർ, പകരം ഉദ്യോഗസ്ഥരെ വെച്ചിട്ടുമില്ല. എം.പിയുടെ പട്ടയം റദ്ദാക്കിയതോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയെയും മറ്റ് സംഘടനകളെയും ഉൾപ്പെടുത്തി സി.പി.എം നേതൃത്വത്തിൽ മൂന്നാർ സംരക്ഷണ സമിതി പുനഃസ്ഥാപിച്ചിരുന്നു.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ടതായാണ് സൂചന. ജനപ്രതിനിധികൾ ഉൾെപ്പടെ കൈവശപ്പെടുത്തിയ കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകളുടെ പരിശോധന അട്ടിമറിക്കാൻ സബ് കലക്ടർക്ക് കീഴിലെ സ്പെഷൽ വിഭാഗം ഉദ്യോഗസ്ഥരെ മാറ്റുന്നതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ശ്രീറാം വെങ്കിട്ടരാമനെ സബ് കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി പകരം നിയമിച്ചയാളെയും ഉടൻ നീക്കുന്നത് വിവാദമാകും എന്നതിനാലാണ് മറ്റ് ഉദ്യോഗസ്ഥരെ മാറ്റുന്നത്. ഒഴിവാക്കിയവർക്ക് പകരം എം.എൽ.എ പറയുന്നവരെ നിയമിക്കണമെന്ന നിർദേശവും കലക്ടർക്ക് ലഭിച്ചിട്ടുണ്ട്.
സബ് കലക്ടർ വി.ആർ. പ്രേംകുമാറാണ് പട്ടയം റദ്ദാക്കിയതെങ്കിലും രേഖകളുടെയും ഭൂമിയുടെയും നിർണായക പരിശോധനക്ക് ചുക്കാൻ പിടിച്ചത് ഇപ്പോൾ സ്ഥലം മാറ്റപ്പെട്ട ആർ.ഡി ഒാഫിസ് ജീവനക്കാരാണ്. ശ്രീറാമിനെ മാറ്റിയിട്ടും കൈയേറ്റക്കാർക്കെതിരെ കർശന നടപടി തുടരാൻ കാരണം ഈ ഉദ്യോഗസ്ഥരുടെ സാന്നിധ്യമാണ്. പകരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ കൊട്ടക്കാമ്പൂരിലെ തുടർ പരിശോധനകൾ പൂർണമായി തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.