ആലപ്പുഴ: കണ്ണർകാട്ട് സ്ഥാപിച്ചിരുന്ന പി.കൃഷ്ണപിള്ള സ്മാരകം തീ വെച്ചു തകർത്ത കേസിലെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. ആലപ്പുഴ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ അഞ്ച് പ്രതികളാണ് ഉൾപ്പെട്ടിരുന്നത്. എല്ലാവരും സി.പി.എം പ്രവർത്തകരാണ്. വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രൻ, സി.പി.എം കണ്ണർകാട്ട് ലോക്കൽ സെക്രട്ടറിയായിരുന്ന പി. സാബു എന്നിവരുൾപ്പെടെയുള്ളവർ പ്രതി പട്ടികയിൽ ഉണ്ടായിരുന്നു.
കുറ്റം ചെയ്തതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷം കോടതി പ്രതികളെ വെറുതെ വിട്ടത്. 2013 ഒക്ടോബറർ 31ന് പുലർച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണർകാട്ടെ പി.കൃഷ്ണ പിള്ള സ്മാരകവും വീടും തകർക്കുകയായിരുന്നു. സമീപ പ്രദേശമായ കായിപ്പുറത്തുള്ള ഇന്ദിരാഗാന്ധി പ്രതിമയും തകർത്തിരുന്നു. ഇന്ദിരാഗാന്ധി പ്രതിമ തകർത്ത കേസിൽ കഴിഞ്ഞ വർഷം പ്രതികളെ വെറുതെ വിട്ടിരുന്നു.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വിധിയിൽ സന്തോഷമുണ്ടെന്നും തങ്ങളുെട നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെട്ടതിൽ കോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കുറ്റവിമുക്തരായവർ പ്രതികരിച്ചു. തങ്ങളെ പ്രതിയാക്കാൻ ശ്രമിച്ചവരുടെ കരണത്തേറ്റ അടിയാണ് ഇൗ കോടതി വിധി. കെട്ടിയുണ്ടാക്കിയ മൊഴികളും സാക്ഷികളുമാണ് കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.