പി. മോഹനൻ മാസ്റ്റർ

മുസ്‍ലിം ലീഗിന്റെ തീരുമാനം ഉൾക്കൊള്ളുന്നു; അവർ പറഞ്ഞത് സാ​​ങ്കേതിക പ്രശ്നം -പി. മോഹനൻ

കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ പ​ങ്കെടുക്കാനുള്ള ക്ഷണം മുസ്‍ലിം ലീഗ് നിരസിച്ചതിൽ പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ. സാ​ങ്കേതികമായുള്ള പ്രയാസം കാരണമാണ് റാലിയിൽ പ​ങ്കെടുക്കില്ലെന്ന് അവർ വ്യക്തമാക്കിയത്. അവരുടെ പ്രതികരണം പോസിറ്റീവായി കണുന്നുവെന്നും വകതിരിവോടെ മറുപടി ഉൾക്കൊള്ളുന്നുവെന്നും പി.മോഹനൻ പറഞ്ഞു.

ഫലസ്തിന്‍ ഐക്യദാര്‍ഢ്യ റാലി വ്യാപകമായി നടത്തണമെന്നാണ് സി.പി.എം പറയുന്നത്. അതുതന്നെയാണ് മുസ്‍ലിം ലീഗും പറയുന്നത്. ഇസ്രായേല്‍ വിരുദ്ധ നിലപാടുള്ള എല്ലാവരും യോജിച്ചാണ് പരിപാടി നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ അനുകൂല നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. നെഹ്രുവിന്റെ കാലത്ത് കോണ്‍ഗ്രസിന് ഫലസ്തിന്‍ അനുകൂല നിലപാട് ഉണ്ടായിരുന്നു. നരസിംഹറാവുവിന്റെ കാലത്താണ് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ വ്യഗ്രത കാണിച്ചത്. അന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രധാന സ്ഥാനത്തിരുന്ന് നയതന്ത്രത്തിന്റെ ഭാഗമായി ഇടപെട്ട ആളാണ് ശശി തരൂര്‍. ഇപ്പോൾ അദ്ദേഹം കോണ്‍ഗ്രസിന്റെ പരമോന്നത നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹമാണ് കോഴിക്കോട് വന്ന് ലീഗ് റാലിയില്‍ പറഞ്ഞത് ഹമാസ് ഭീകരാക്രമണം നടത്തിയതിനുള്ള സ്വാഭാവിക മറുപടിയാണ് ഇസ്രായേല്‍ ആക്രമണമെന്നാണ്. ഇത് ബി.ജെ.പി നിലപാടിനോട് ഒത്തുചേര്‍ന്ന് പോകുന്ന സമീപനമാണ്. കോണ്‍ഗ്രസിന് ഇതില്‍ നിന്ന് വ്യത്യസ്ത നിലപാട് എടുക്കാനാകില്ലെന്നും നിലമ്പൂരില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുമ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പി. മോഹനന്‍ പറഞ്ഞു. നവംബർ 11നാണ് സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി.

Tags:    
News Summary - P Mohanan says that the decision of the Muslim League is inclusive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.