താലിബാൻവേരുകൾ പരതി ഇസ്‍ലാമോഫോബിയക്ക്​ വളംവെക്കാൻ ശ്രമം: ജമാഅത്തെ ഇസ്‌ലാമി അസി. അമീർ

കോഴിക്കോട്​: സാമ്രാജ്യത്വത്തി​െൻറ പതനം അംഗീകരിക്കുകയും സാമ്രാജ്യത്വവിരുദ്ധ വികാരം കേരളത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിനുപകരം താലിബാനെ മുന്നിൽനിർത്തി ഇസ്‍ലാംഭീതി വളർത്താനാണ് ശ്രമം നടക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീർ പി. മുജീബുറഹ്‌മാൻ. കേരളത്തിലെ താലിബാൻ വേരുകൾ പരതിയും മുസ്‍ലിം സംഘടനകൾക്ക് താലിബാൻ ചാപ്പചാർത്തിയും ഇസ്‍ലാമോഫോബിയക്ക്​ വളംവെക്കാനുള്ള 'മതേതര വെമ്പൽ' ആർക്കാണ് മരുന്നിട്ടുകൊടുക്കുന്നതെന്ന് സംഘ്പരിവാർ ആഘോഷത്തിൽനിന്ന് വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ചൈനയും റഷ്യയും ഇന്ത്യയിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികളുമെടുത്ത നിലപാടുകൾ കണ്ടില്ലെന്ന് നടിച്ച് മുസ്‍ലിം അപരവൽക്കരണത്തി​െൻറ ആയുധമായി അഫ്ഗാനെ ഉപയോഗിക്കുന്ന നെറികേടും കാപട്യവും അവസാനിപ്പിക്കാൻ സമയമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി. രണ്ടു പതിറ്റാണ്ടായി തുടരുന്ന അമേരിക്കൻ സാമ്രാജ്യത്വത്തി​െൻറ അഫ്ഗാൻ അധിനിവേശത്തിന് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യപ്പേരു പറഞ്ഞുള്ള സാമ്രാജ്യത്വത്തി​െൻറ അഫ്ഗാനിലെ നരനായാട്ട് തെറ്റായിരുന്നെന്ന് കാലം തെളിയിച്ചിരിക്കുന്നു. സാമ്രാജ്യത്വ അധിനിവേശം ഒന്നിനും പരിഹാരമല്ലെന്നും അത് ലോകത്തെയും നാടുകളെയും നരകതുല്യമാക്കുകയാണെന്നുമുള്ള ചരിത്രപാഠമാണ് അഫ്ഗാൻ വീണ്ടും നമുക്ക് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ കുറിപ്പി​െൻറ പൂർണ്ണരൂപം

അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യമാണ് പ്രധാനം

രണ്ടു പതിറ്റാണ്ടായി തുടരുന്ന അമേരിക്കൻ സാമ്രാജ്യത്വത്തി​െൻറ അഫ്ഗാൻ അധിനിവേശത്തിന് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യപ്പേരു പറഞ്ഞുള്ള സാമ്രാജ്യത്വത്തി​െൻറ അഫ്ഗാനിലെ നരനായാട്ട് തെറ്റായിരുന്നെന്ന് കാലം തെളിയിച്ചിരിക്കുന്നു. സാമ്രാജ്യത്വ അധിനിവേശം ഒന്നിനും പരിഹാരമല്ലെന്നും ലോകത്തെയും നാടുകളെയും നരകതുല്യമാക്കുകയുമാണെന്ന ചരിത്രപാഠം അഫ്ഗാൻ വീണ്ടും നമുക്ക് പകരുന്നു.

സ്വാതന്ത്ര്യവും സമാധാനവും പുലരുന്ന, മനുഷ്യമഹത്വം അംഗീകരിക്കുന്ന, സ്ത്രീകളെ മാനിക്കുന്ന, കുട്ടികൾ പരിരക്ഷിക്കപ്പെടുന്ന, വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന, തദ്ദേശീയരിൽനിന്നുമുള്ള പുതിയ സർക്കാർ അഫ്ഗാനിൽ പിറവിയെടുക്കണമെന്നതാണ് നമ്മുടെ നിലപാട്. താലിബാനിലൂടെ അത് സാക്ഷാത്കരിക്കപ്പെടുമോ എന്നത് വരുംകാലമാണ് തെളിയിക്കേണ്ടത്.

താലിബാനെക്കുറിച്ച് ലോകത്തിനുമുൻപിലുള്ള ചിത്രവും ചരിത്രവും മറിച്ചാണെന്നിരിക്കെ പുതിയ സാഹചര്യത്തിലെ താലിബാൻ നീക്കങ്ങളെക്കുറിച്ച് വ്യത്യസ്ത നിരീക്ഷണങ്ങളാണ് ലോകത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇസ്‍ലാമിക മൂല്യങ്ങൾ നടപ്പാക്കുമെന്ന അവരുടെ അവകാശവാദങ്ങൾ സത്യസന്ധമാണെങ്കിൽ സ്ത്രീകളോടും കുട്ടികളോടും മത, വംശ ന്യൂനപക്ഷങ്ങളോടും നീതിപൂർവം പെരുമാറണമെന്ന ഇസ്‍ലാമിന്റെ അടിസ്ഥാന പാഠം അവർ നടപ്പാക്കേണ്ടതുണ്ട്.

എന്നാൽ, സാമ്രാജ്യത്വത്തി​െൻറ പതനം അംഗീകരിക്കുകയും സാമ്രാജ്യത്വവിരുദ്ധ വികാരം കേരളത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിനുപകരം താലിബാനെ മുന്നിൽനിർത്തി ഇസ്‍ലാംഭീതി വളർത്താനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ താലിബാൻ വേരുകൾ പരതി, മുസ്‍ലിം സംഘടനകൾക്ക് താലിബാൻ ചാപ്പചാർത്തി, ഇസ്‍ലാമോഫോബിയക്ക് വളംവെക്കാനുള്ള 'മതേതര വെമ്പൽ' ആർക്കാണ് മരുന്നിട്ടുകൊടുക്കുന്നതെന്ന് സംഘ്പരിവാർ ആർമാദത്തിൽനിന്ന് മനസ്സിലാക്കാൻ അതിബുദ്ധിയാവശ്യമില്ല. ചൈനയും റഷ്യയും ഇരു കമ്യൂണിസ്റ്റ് പാർട്ടികളും കേന്ദ്ര തലത്തിലെടുത്ത അഫ്ഗാൻ നിലപാടുകൾ കണ്ടില്ലെന്ന് നടിച്ച് മുസ്‍ലിം അപരവൽക്കരണത്തി​െൻറ ആയുധമായി അഫ്ഗാനെ ഉപയോഗിക്കുന്ന നെറികേടും കാപട്യവും അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു.

ഇസ്‍ലാമിലില്ലാത്ത ഭാരം കേരളത്തിലെ മുസ്‍ലിം സംഘടനകൾക്കുമേൽ കെട്ടിവെക്കാൻ ആരും ശ്രമിക്കേണ്ടതില്ല. അഫ്ഗാനിസ്താനിൽ നീതിയും സമാധാനവും സ്വാതന്ത്ര്യവും പുലരുന്നുവെങ്കിൽ അതിനൊപ്പം നാമുണ്ടാവും. അത് നിരാകരിക്കപ്പെടുന്നുവെങ്കിൽ മറുവശത്ത, നീതിയുടെ പക്ഷത്ത് നാം നിലയുറപ്പിക്കും.

Full View

Tags:    
News Summary - P Mujeeburahman facebook post about Afghanistan situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.