വഖഫ് നിയമ ഭേദഗതി കള്ളനെ കാവലിരുത്തുന്നതിന് സമാനം -പി. മുജീബുറഹ്മാൻ

കോഴിക്കോട്: സംഘ്പരിവാർ ഭരണകൂടം വഖഫ് നിയമം ഭേദഗതി ചെയ്യുന്നത് കള്ളനെ കാവലിരുത്തുന്നതിന് സമാനമായിട്ടാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. ജമാഅത്തെ ഇസ്‍ലാമി കേരള സംഘടിപ്പിച്ച ‘വഖഫ് അപഹരിക്കപ്പെടുമോ’ വഖഫ് നിയമ ഭേദഗതി ചർച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ പലതവണ വഖഫ് നിയമം ഭേദഗതി ചെയ്തെങ്കിലും അവയെല്ലാം വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനായിരുന്നു. ഇപ്പോൾ 44 ഭേദഗതികൾ കൊണ്ടുവരുന്നത് വഖഫ് സ്വത്തുക്കൾ അപഹരിക്കാനാണ്.

വഖഫ് ബോർഡിനെ നോക്കുകുത്തിയാക്കൽ, വഖഫ് സെൻട്രൽ കമ്മിറ്റിയിലും വഖഫ് ബോർഡിലും അമുസ്‍ലിംകൾ എന്ന നിലയിൽ സംഘപരിവാർ-ആർ.എസ്.എസ് പ്രതിനിധികളെ ഉൾപ്പെടുത്തൽ, വഖഫ് തർക്കങ്ങളിൽ ഭരണകൂടത്തിന്റെ നോമിനികളായ ജില്ല കലകട്ർമാർക്കും ജില്ല മജിസ്ട്രേറ്റുമാർക്കും അമിതാധികാരം നൽകൽ, വഖഫ് ബോർഡിനെ നാലായി വിഭജിക്കൽ അടക്കമുള്ള വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്. ഇവയെല്ലാം ഭരണകൂടത്തിന്റെ വംശീയ അജണ്ടകളുടെ ഭാഗവും പൗരാവകാശങ്ങളുടെ ലംഘനവുമാണ്. വഖഫ് സ്വത്തുക്കൾ കൈയടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആറു ലക്ഷം ഏക്കറിലായി അഞ്ചു ലക്ഷത്തോളം രജിസ്റ്റർചെയ്ത വഖഫ് സ്വത്തുക്കളുണ്ടെന്നാണ് രജീന്ദർ സച്ചാർ തന്നെ രേഖപ്പെടുത്തിയത്. മനുഷ്യർ ദൈവപ്രീതി ആഗ്രഹിച്ച് ദാനമായി നൽകിയ സ്വത്തുക്കൾ സംരക്ഷിക്കുക എന്നത് സാമൂഹിക ആവശ്യമാണ്. ഇത് കേവലം മുസ്‍ലിംകളുടെ പ്രശ്നമല്ല. മുഴുവൻ ജനങ്ങളുടെയും പ്രശ്നമാണ്. രാജ്യത്തെ പ്രധാന സർവകലാശാലകളടക്കം നിലനിൽക്കുന്നത് വഖഫ് ഭൂമിയിലാണ്. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ ശക്തമായ ബോധവത്കരണവും ഒറ്റക്കെട്ടായ മുന്നേറ്റവും നിയമപോരാട്ടവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മുൻ ചെയർമാൻ റഷീദലി തങ്ങൾ മുഖ്യാതിഥിയായി. മുൻ എം.പി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ, എം.എസ്.എസ് ജനറൽ സെക്രട്ടറി എൻജിനീയർ പി. മമ്മദ് കോയ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി, വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ, മെക്ക സംസ്ഥാന സെക്രട്ടറി ഡോ. വി.പി.സി. ഉബൈദ് തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്‍വി സ്വാഗതവും സിറ്റി കമ്മിറ്റി പ്രസിഡന്റ് ശരീഫ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു. മുബഷീർ അസ്ഹരി ഖിറാഅത്ത് നടത്തി.

വഖഫ് ബോർഡിൽ അമുസ്‍ലിംകൾ; മതേതരമായി കണേണ്ട -കെ. മുരളീധരൻ

കോഴിക്കോട്: വഖഫ് ബോർഡിൽ അമുസ്‍ലിംകളെ ഉൾപ്പെടുത്തുന്നതിനെ മതേതരമായി കണേണ്ടെന്ന് മുൻ എം.പി കെ. മുരളീധരൻ. ജമാഅത്തെ ഇസ്‍ലാമി കേരള സംഘടിപ്പിച്ച ‘വഖഫ് അപഹരിക്കപ്പെടുമോ’ ചർച്ച സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ വെക്കുന്നില്ല. പിന്നെന്തിനാണ് വഖഫ് ബോർഡിനെ മാത്രം പിടിക്കുന്നത്. വഖഫ് ബോർഡിനെ നോക്കുകുത്തിയാക്കി സ്വത്തുക്കൾ കൊള്ളയടിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - P. Mujeeburahman on Waqf Act Amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.