തിരുവനന്തപുരം വൈജ്ഞാനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2024 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.
ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ഭാഷാ സാഹിത്യ പഠനങ്ങൾ, സാമൂഹിക ശാസ്ത്രം , കല / സാംസ്കാരിക പഠനങ്ങൾ എന്നീ മേഖലകളിലുളള കൃതികൾക്ക് നല്‍കുന്ന എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരത്തിനായി പി.എൻ. ഗോപീകൃഷ്ണനെ തെരഞ്ഞെടുത്തു. "ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ" എന്ന കൃതിക്കാണ് പുരസ്‌കാരം. ഈ കൃതി മൗലികമായ ഗവേഷണവും, ശക്തമായ ജനാധിപത്യ ബോധവും ഉൾക്കൊള്ളുന്നു എന്നും, സമകാലീന ഇന്ത്യൻ രാഷ്ട്രത്തിൻറെ രൂപപ്പെടലിൽ ഒളിഞ്ഞും തെളിഞ്ഞും, ശക്തവും ആപൽക്കരവുമായ, സ്വാധീനം ചെലുത്തിയ ഒരു ബൗദ്ധിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വികാസത്തെ കൃത്യമായി രേഖപ്പെടുത്തുന്നു എന്നും വിധി നിർണ്ണയ സമിതി വിലയിരുത്തി.
കാലടി , ശ്രീശങ്കരാചാര്യസംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസിലറായ പ്രഫ. (ഡോ.) എം.വി. നാരായണൻ ചെയർപേഴ്സണും, വൈജ്ഞാനിക എഴുത്തുകാരൻ ഡോ. ജീവൻ ജോബ് തോമസ്, കാലടി ശ്രീശങ്കരാചാര്യസംസ്കൃത സർവകലാശാല പ്രഫ.(ഡോ.) കെ.എം. ഷീബ എന്നിവർ മെമ്പർമാരും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് വിധി നിർണയം നടത്തിയത്.
ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ / പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം / ശാസ്ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങള്‍ക്കോ, മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പ്രബന്ധങ്ങൾക്കോ നല്‍കുന്ന ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് (ശാസ്ത്രേതരം) തിരഞ്ഞെടുത്തിട്ടുളളത് തസ്ലിമ ടി യുടെ "കെ.ജി. ജോർജിന്റെ ചലച്ചിത്രങ്ങളിലെ ദൃശ്യ- ശബ്ദസങ്കേതങ്ങൾ ആഖ്യാനവും അർത്ഥരൂപീകരണവും" എന്ന ഗവേഷണ പ്രബന്ധമാണ്.
ഈ ഗവേഷണ പ്രബന്ധം സാധാരണഗതിയിൽ കാണുന്ന പ്രമേയപഠനത്തിൽ നിന്ന് വ്യത്യസ്തമായി ചലച്ചിത്രത്തിന്റെ ദൃശ്യ – ശബ്ദസങ്കേതങ്ങളിലേക്ക് പഠനത്തെ വ്യാപിപ്പിക്കുന്നതിൽ വിജയം വരിച്ചിട്ടുണ്ട് എന്നും അപഗ്രഥനത്തിലെ സമഗ്രതയും വിഷയപരിചരണത്തിലെ മൗലികതയും ഈ പ്രബന്ധത്തെ മികവുറ്റതാക്കുന്നു എന്നും വിധിനിർണയ സമിതി വിലയിരുത്തി. തൃപ്പൂണിത്തുറ ഗവ. കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.(ഡോ.) മാർഗരറ്റ് ജോർജ്ജ് ചെയർപേഴ്സണും, കോട്ടയം മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റെഴ്സ് മുൻ ഡയറക്ടർ പ്രഫ.പി.പി രവീന്ദ്രൻ , കാലടി ശ്രീശങ്കരാചാര്യസംസ് കൃതസർവകലാശാല മുൻ പ്രഫസറായ (ഡോ.) എൻ. അജയകുമാർ എന്നിവർ മെമ്പർമാരും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ, മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് വിധി നിർണയം നടത്തിയത്.
മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ക്ക് നല്‍കുന്ന എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്കാരത്തിനായി താര ഗാന്ധി എഡിറ്റ് ചെയ്ത “Words for Birds : Talks by Salim Ali " യുടെ വിവർത്തനമായ എസ്. ശാന്തി യുടെ "കിളിമൊഴി : പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ, സാലിം അലി" തിരഞ്ഞെടുത്തു. സൂക്ഷ്മമായി പരിശോധന നടത്തുകയും ഘടന , സംജ്ഞകളുടെ പരിഭാഷ, ആശയവ്യക്തത തുടങ്ങിയവ കൂടി പരിഗണിച്ചു "സലീം അലിയുടെ പക്ഷികളെ കുറിച്ചുളള പ്രഭാഷണങ്ങൾ ('കിളിമൊഴി ’) " എസ്. ശാന്തി വിശ്വസ്തവും ലളിതവുമായി പരിഭാഷ ചെയ്തിട്ടുണ്ടെന്നും പ്രകൃതി ചർച്ചയാവുന്ന ഇക്കാലത്ത് ഈ പുസ്തകം പ്രധാനമാണെന്നും വിധിനിർണയ സമിതി വിലയിരുത്തി.
കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് പ്രഫ.(ഡോ.)കെ. സച്ചിദാനന്ദൻ ചെയർപേഴ്സണും, കോട്ടയം മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റെഴ്സ് മുൻ ഡയറക്ടർ പ്രഫ.(ഡോ.) കെ.എം. കൃഷ്ണൻ, വൈജ്ഞാനിക എഴുത്തുകാരിയും വിവർത്തകയുമായ ആശാലത എന്നിവർ മെമ്പർമാരും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് വിധി നിർണയം നടത്തിയത്.
എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്കാര ജേതാക്കള്‍ക്ക് ഓരോ ലക്ഷം രൂപയും , പ്രശസ്തി പത്രവും, ശിൽപവും ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാര ജേതാവിന് അമ്പതിനായിരം രൂപയും രൂപയും , പ്രശസ്തി പത്രവും, ശിൽപവുമാണ് സമ്മാനിക്കുക. പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ 2024 സെപ്റ്റംബർ 25 ന് തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതിഭവനില്‍ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.