ഗവർണറുടെ പേര് താരിഫ് മുഹമ്മദ് ഖാൻ എന്നാക്കണം -​സന്തോഷ് കുമാർ എം.പി

ന്യൂഡൽഹി: കേരളത്തിന് അധികഭാരമായി മാറിയ ആരിഫ് മുഹമ്മദ് ഖാന്റെ പേര് മാറ്റി താരിഫ് മുഹമ്മദ് ഖാന്‍ എന്നാക്കി മാറ്റുന്നതാണ് നല്ലതെന്ന് സി.പി.ഐ നേതാവ് അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി. കേരളം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കും ദാരിദ്ര്യത്തിനുമിടയില്‍ അധിക താരിഫായി ഗവര്‍ണര്‍ ആരിഫ് ഖാന്‍ മാറിയിരിക്കുകയാണെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷിയോഗത്തിൽ സി.പി.ഐയെ പ്രതിനിധീകരിച്ച് സംസാരിച്ച അഡ്വ. സന്തോഷ് കുമാർ പറഞ്ഞു.

പാര്‍ലമെന്റ് അക്രമണത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചതിന് സസ്​പെൻഷനിലായ സ​ന്തോഷ് കുമാർ ആവശ്യ​പ്പെട്ടു.

കേരളത്തിന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളുള്‍ക്കും കേന്ദ്രസര്‍ക്കാർ നീക്കങ്ങള്‍ പ്രശ്നമായിരിക്കുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍. ഫെബ്രുവരി എട്ടിന് കേരളത്തിലെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വന്ന് സമരം നടത്തുന്നത് പരാമർശിച്ച് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുക ലഭിക്കാന്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഡൽഹിയിൽ വന്ന് സമരം നടത്തേണ്ട സ്ഥിതിവിശേഷമുണ്ടായിരിക്കുകയാണെന്നും സന്തോഷ്‍കുമാർ പറഞ്ഞു.

പാര്‍ലമെന്റ് അക്രമണത്തെ കുറിച്ച് എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോയെന്നും അത് സംബന്ധിച്ച് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു വാക്കെങ്കിലും സർക്കാർ പറയാനുദ്ദേശിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആക്രമണം നടന്നപ്പോള്‍ അത് സംബന്ധിച്ച് ഭരണാധികാരികള്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം ഉന്നയിച്ചതിനാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എം.പിമാരെ സസ്പെൻഡ് ചെയ്തത്. അന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് ഇത് സംബന്ധിച്ച് പ്രസ്താവന നടത്താന്‍ സമയമായില്ലെന്നും അതിനെ കുറിച്ച് പഠിക്കണമെന്നും അന്വേഷണം നടത്തിയതിന് ശേഷം പ്രസ്താവന നടത്തുമെന്നുമായിരുന്നു. എന്നാല്‍, ഇതുവരെയും ഒരു തരത്തിലുള്ള പ്രസ്താവന പോലും നടത്തിയിട്ടില്ലെന്ന് സന്തോഷ് കുമാർ കുറ്റപ്പെടുത്തി.

ഏതെങ്കിലും ഒരു മതത്തെ പ്രീണിപ്പിക്കല്‍ എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലാതിരുന്നിട്ടും രാജ്യത്ത് ഇപ്പോള്‍ മതകാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തി കൊണ്ടിരിക്കുകയാണെന്നും എം.പി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാനുള്ള കേന്ദ്രനീക്കത്തെയും എം.പി വിമർശിച്ചു.

Tags:    
News Summary - P Santosh Kumar M.P against Governor arif Muhammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.