തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്ക് സ്പീക്കറുടെ രൂക്ഷ വിമർശനം. അർധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുകയാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
"ഞാൻ ആത്മഹത്യ ചെയ്യണമായിരുന്നോ " എന്ന് നടിയെക്കൊണ്ട് ചോദിപ്പിക്കുന്നതുവരെയെത്തിയ ക്രൂരവിനോദം സാംസ്കാരിക കേരളത്തിെൻറ മുഖത്തേക്കുള്ള കർക്കിച്ചുതുപ്പലാണ്. ഉന്നതമായ ധാർമ്മിക മൂല്യങ്ങൾകൊണ്ട് സമൂഹത്തെ നയിക്കാൻ ബാധ്യതപ്പെട്ട ജനപ്രതിനിധികളിൽനിന്നുപോലും ഇത്തരം പരാമർശങ്ങളുണ്ടാകുന്നതിൽ ലജ്ജിച്ചു തലതാഴ്ത്തുന്നു.
നടിക്കെതിരായി പി.സി. ജോർജ് എം.എൽ.എ നടത്തുന്ന തുടർച്ചയായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ വിമർശനം.
മുഖത്തു തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് ചില കീഴ്‌വഴക്കങ്ങളുണ്ട്. അത് ആരും മറക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ സ്പീക്കർ ഓർമിപ്പിച്ചു.
അതിക്രമത്തിനു വിധേയയായ നടിക്കെതിരെ പി.സി.ജോർജ് എം.എൽ.എ നടത്തിയ പരാമർശങ്ങൾ പൊതുസമൂഹം വിലയിരുത്തുമെന്ന് സ്പീക്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പി.സി. ജോർജിനെതിരെ നടപടിയെടുക്കണമെന്നാവശ്യവുമായി നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.