തിരുവനന്തപുരം: റേഷൻകാർഡ് വിതരണവുമായി ബന്ധപ്പെട്ട് ഒരാശങ്കയും വേണ്ടെന്ന് മന്ത്രി പി. തിലോത്തമൻ. വാതിൽപ്പടി വിതരണം പൈലറ്റ് പദ്ധതിയായി ആരംഭിച്ച കൊല്ലം ജില്ലയിലെ എല്ലാ താലൂക്കിലും വിതരണം ചെയ്യാനുള്ള റേഷൻകാർഡ് ഭക്ഷ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ, വയനാട് ,എറണാകുളം,കോട്ടയം ജില്ലകളിൽ റേഷൻകാർഡ് അച്ചടി പൂർത്തിയായി മേയ് 15നകം വിതരണം ചെയ്യാൻ കഴിയും. മറ്റ് ജില്ലകളിൽ മേയ് 31നകം റേഷൻകാർഡ് വിതരണം പൂർത്തിയാക്കും. കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള സെൻററുകൾ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യധാന്യങ്ങളുമായി പോകുന്ന വാഹനങ്ങളിൽ ജൂലൈ മുതൽ ജി.പി.എസ് ഘടിപ്പിക്കും. ഇതിനുള്ള ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. റേഷൻകടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നത് ജൂൺ- ജൂലൈ മാസങ്ങളിൽ പൂർത്തിയാക്കും.
സംസ്ഥാനത്ത് മുൻഗണന പട്ടികക്കെതിരെ നിലവിൽ രണ്ടുലക്ഷത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുപരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. പരാതിക്കാരുടെ വീടുകളിലെത്തിയാകും പരിശോധന നടത്തുക. അനർഹരെന്ന് ആരോപണമുയർന്നവരുടെ റേഷൻകാർഡുകൾ തടഞ്ഞുവെക്കും. വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കരാറുകൾ നൽകിയതിനെതിരായ ആരോപണങ്ങളിൽ വസ്തുതയില്ല. കുറ്റമറ്റരീതിയിൽതന്നെയാണ് വാതിൽപ്പടി വിതരണം നടത്തുന്നത്. മാർച്ചിൽ കൊല്ലത്ത് ആരംഭിച്ച പദ്ധതി ഈ മാസം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കൂടി ആരംഭിച്ചിട്ടുണ്ട്. ജൂണിൽ മറ്റ് ജില്ലകളിൽ കൂടി വാതിൽപ്പടി വിതരണം ആരംഭിക്കും. കൊല്ലത്ത് വാതിൽപ്പടി വിതരണം നടത്തിയതിെൻറ ഭാഗമായി അരി അധികം വന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ജില്ലയിൽ മാത്രം മുൻഗണന ഇതര (സംസ്ഥാന സബ്സിഡി) വിഭാഗത്തിന് മൂന്ന് കിലോ ഭക്ഷ്യധാന്യം രണ്ടുരൂപക്ക് നൽകാൻ തീരുമാനിച്ചത്.
നേരത്തേ ഇതു രണ്ടുകിലോ ആയിരുന്നു. സംസ്ഥാന തലത്തിലും അരി മിച്ചംപിടിക്കാൻ സാധിച്ചിട്ടുണ്ട്. അതിെൻറ ഭാഗമായാണ് മുൻഗണന ഇതര (നോൺ സബ്സിഡി) വിഭാഗത്തിന് 8.90 രൂപക്ക് എട്ടുകിലോ അരി നൽകാൻ തീരുമാനിച്ചത്. നേരത്തേ ആറുകിലോയാണ് ഈ വിഭാഗത്തിന് നൽകിയിരുന്നത്.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ഒരൊറ്റ റേഷൻകടയും അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. അതേസമയം, നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായി വരുമാനവുമായി ബന്ധപ്പെട്ട ആശങ്കകൾ വ്യാപാരികൾക്കുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് സിവിൽ സപ്ലൈസ് ഡയറക്ടറെയും റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളെയും ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ചത്.
ആ കമ്മിറ്റിയുടെ ശിപാർശകളിലൊന്നാണ് 350ന് താഴെ കാർഡുള്ള റേഷൻകടകളെ സംയോജിപ്പിക്കണമെന്നും 2200 കാർഡിന് മുകളിലുള്ള റേഷൻകടകളെ വിഭജിക്കണമെന്നും. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രാഥമിക ചർച്ച പൂർത്തിയായി. ഈ മാസംതന്നെ ഇതിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് സാധാരണക്കാർ ഉപയോഗിക്കുന്ന അരികൾക്കെല്ലാം വിലകുറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ധനകാര്യവകുപ്പിെൻറ സഹായം ഭക്ഷ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.