മധുര: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജക്ക് പോളിറ്റ് ബ്യൂറോയിലെത്തുന്നതിന് വെല്ലുവിളിയായത് പാർട്ടി ശാക്തികചേരിയിലെ അധികാര ബലാബലം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന് കേന്ദ്ര കമ്മിറ്റിയിലെത്തുന്നതിന് വിനയായത് ഭാര്യ വീണ വിജയന്റെ കരിമണൽ മാസപ്പടി വിവാദവും കേസും.
നിലവിലെ പി.ബിയിൽനിന്ന് വനിതകളായ വൃന്ദ കാരാട്ടും സുഭാഷിണി അലിയും പ്രായപരിധിയിൽ ഒഴിവാകുന്ന പശ്ചാത്തലത്തിലാണ് കേരളത്തിൽനിന്നുള്ള ജനപ്രിയ വനിത നേതാവ് ശൈലജക്ക് അവസരം പ്രതീക്ഷിച്ചത്. എന്നാൽ, തമിഴ്നാട്ടിൽനിന്നുള്ള യു. വാസുകിയും മഹാരാഷ്ട്രയിൽനിന്നുള്ള മറിയം ദാവ് ലെയുമാണ് പട്ടിക വന്നപ്പോൾ പി.ബിയിലുള്ളത്. കേരളത്തിൽനിന്ന് ചരിത്രത്തിലാദ്യമായൊരു വനിത പി.ബിയിൽ എത്തിയാൽ സ്വാഭാവികമായും അത് കേരളത്തിലെ പാർട്ടിയുടെ അധികാരചേരിയിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുക.
നിലവിലെ സാഹചര്യത്തിൽ ശൈലജ പി.ബി അംഗമാകുന്ന പക്ഷം അടുത്ത മുഖ്യമന്ത്രി ചർച്ചയിൽ അവരുടെ പേര് സജീവമാകും. പാർട്ടിയുടെ പരമോന്നത ഘടകത്തിലെത്തിയ ശൈലജയെ പഴയപോലെ മാറ്റിനിർത്തുക കേരള നേതൃത്വത്തിന് പ്രയാസവും പ്രതിസന്ധിയുമാണ്. ഇക്കാര്യമടക്കം മുൻനിർത്തിയാണ് കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എം.എ. ബേബി, എ. വിജയരാഘവൻ എന്നിവർ ശൈലജയുടെ പേര് പി.ബിയിലേക്ക് നിർദേശിക്കാത്തത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡി.വൈ.എഫ്.ഐയുടെ മുൻ അഖിലേന്ത്യ പ്രസിഡൻറ് എന്നതടക്കം മുൻനിർത്തിയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേര് കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയർന്നത്. ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു അടക്കം സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് കേന്ദ്ര കമ്മിറ്റിയിലെത്തുമെന്ന് പ്രതീക്ഷിച്ചവരുടെ പട്ടികയിൽ ഒന്നാമനും മുഹമ്മദ് റിയാസായിരുന്നു. എന്നാൽ, സമ്മേളനവേളയിൽതന്നെ, ഭാര്യ വീണ വിജയൻ കരിമണൽ മാസപ്പടി കേസിൽ പ്രതിചേർക്കപ്പെട്ടത് റിയാസിന്റെ കേന്ദ്ര കമ്മിറ്റി അംഗത്വ സാധ്യത അടച്ചു. എതിരഭിപ്രായം ഉയർന്നേക്കുമെന്ന് ഭയന്നാണ് നേതൃത്വം കേന്ദ്ര കമ്മിറ്റിയുടെ പാനലിൽ മുഹമ്മദ് റിയാസിന്റെ പേര് ഉൾപ്പെടുത്താതിരുന്നത് എന്നാണ് വിവരം. പി.കെ. സൈനബ, ഡോ. ടി.എൻ. സീമ എന്നിവരുടെ പേരുകൾക്കും സാധ്യത കൽപിച്ചിരുന്നെങ്കിലും കെ.എസ്. സലീഖക്കാണ് ഇടം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.