കോഴിക്കോട് : ചാലിയം മത്സ്യഗ്രാമം പദ്ധതിയിൽ മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒമ്പത് വിവിധ പദ്ധതികൾ. പദ്ധതിക്ക് ഏഴ് കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഇതുസംബന്ധിച്ച് തിങ്കളാഴ്ച കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
47 ലക്ഷം വകയിരുത്തിയ ചാലിയം ഫിഷ് ലാൻഡിങ് കേന്ദ്രത്തിന്റെ വികസനമാണ് ആദ്യ പദ്ധതി. ഇവിടെ ആധുനിക രീതിയിൽ ഫ്രീസർ യൂനിറ്റും ഡിസ്പ്ലേ റാക്കും ഉൾപ്പെടെയുള്ള മത്സ്യവിൽപ്പന സ്റ്റാളുകൾ ഫിഷിങ് കണ്ടയിനറുകളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കണ്ടയിനറിന് ഒമ്പത് ലക്ഷം രൂപ ചെലവിൽ നാല് കണ്ടയിനറുകൾ സ്ഥാപിക്കും. ഓൺലൈൻ മത്സ്യവിപണനത്തിന് നാല് സ്കൂട്ടറുകളും നൽകും.
കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കപ്പലങ്ങാടിയിൽ 2.50 കോടി ചെലവിൽ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷൻ കേന്ദ്രമാണ് രണ്ടാമത്തെ പദ്ധതി. മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷ് വെന്റിംഗ്-കം-ഫുഡ് ട്രക്ക് ആണ് മറ്റൊന്ന്. 84 ലക്ഷത്തിന്റെ പദ്ധതി സ്വയംസഹായ ഗ്രൂപ്പുകൾ, സാഫ് ഗ്രൂപ്പുകൾ എന്നിവരെ ഉദ്ദേശിച്ചാണ്. വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളിലാകും ട്രക്ക് വഴിയുള്ള വിൽപ്പന.
ഫിഷ് ലാൻഡിങ് കേന്ദ്രത്തോട് ചേർന്ന് 29 ലക്ഷം രൂപ ചെലവിൽ ബോട്ട് റിപ്പയർ കേന്ദ്രം (ഔട്ട്‌ബോർഡ് മോട്ടോർ റിപ്പയർ കേന്ദ്രം) ആണ് അടുത്ത പദ്ധതി. നിലവിൽ തിരൂരിൽ പോയി വേണം ബോട്ട് അറ്റകുറ്റപ്പണി നടത്താൻ. ഐസ് ബോക്സ് സൗകര്യമുള്ള 50 ഇ-സ്കൂട്ടറുകൾ മത്സ്യതൊഴിലാളികൾക്കും വനിതാ മത്സ്യതൊഴിലാളികൾക്കും വിതരണം ചെയ്യുന്നതാണ് വേറൊന്ന്. മത്സ്യഗ്രാമത്തിലെ 100 പേർക്ക് ഐസ് ബോക്സ് വിതരണം,
തീരശോഷണം തടയാൻ പദ്ധതി, കൃത്രിമ പാര് നിർമാണം എന്നിവയാണ് ശേഷിച്ച പദ്ധതികൾ. ചാലിയം ഫിഷ് ലാൻഡിങ് കേന്ദ്രത്തിൽ വെള്ളിയാഴ്ച ഒഴികെ കച്ചവടമുണ്ടാകും. വെള്ളിയാഴ്ച വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് സാംസ്കാരിക പരിപാടി നടത്താനാണ് ആലോചന. കപ്പലങ്ങാടിയിലെ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷൻ കേന്ദ്രത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പരിശീലനം, അത്യാവശ്യഘട്ടത്തിൽ പുനരധിവാസ കേന്ദ്രമായി ഉപയോഗിക്കൽ എന്നിവക്ക് പുറമേ ഇത് മത്സ്യത്തൊഴിലാളികളുടെ സാംസ്കാരിക കേന്ദ്രമായും മാറ്റും.
ഫുഡ് ട്രക്ക് സാഫ് വഴിയാണ് നടപ്പാക്കുക. പദ്ധതി ഒക്ടോബറിൽ തന്നെ തുടങ്ങും. മത്സ്യബന്ധന മേഖലയിലെ അനുബന്ധ തൊഴിലാളികൾക്കാണ് ഐസ് ബോക്സ് സൗകര്യമുള്ള ഇ-സ്കൂട്ടറുകളും ഐസ് ബോക്സുകളും വിതരണം ചെയ്യുക. ഈ പദ്ധതിയും ഉടൻ പ്രാവർത്തികമാക്കും. തീരെശോഷണം തടയാനുള്ള കോസ്റ്റൽ ബയോഷീൽഡിങ് പദ്ധതിപ്രകാരം തീരത്ത് കണ്ടലോ കാറ്റാടിമരങ്ങളോ നട്ടുപിടിപ്പിക്കും.
ചാലിയം മത്സ്യഗ്രാമം തീരത്തുനിന്ന് 10-15 മീറ്റർ ദൂരത്താണ് കടലിൽ കൃത്രിമ പാര് സൃഷ്ടിക്കുക. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉദ്ദേശിച്ച് ഇത്തരത്തിൽ 150 പാരുകളാണ് നിർമ്മിക്കുക. ആഴക്കടലിൽ പോകാതെ തന്നെ ചൂണ്ടയിട്ടു മീൻ പിടിക്കാൻ പാര് ഉപകരിക്കും. കേരളത്തിൽ മുമ്പ് തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് കൃത്രിമ പാരുകൾ തീർത്തത്.
ഈ പദ്ധതികൾക്ക് പുറമെ ഫിഷ് ലാൻഡിങ് കേന്ദ്രത്തിന്റെ വളപ്പിൽ പാർക്കിംഗിനായി അധികസ്ഥലം ഒരുക്കും. 1.06 കോടി ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചാലിയം മത്സ്യഗ്രാമം പദ്ധതിക്കായി നോഡൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി റിയാസ് അറിയിച്ചു. ചാലിയം ഹാർബറിൽ പുറത്തുനിന്നുള്ളവരുടെ അനധികൃത പെട്ടിക്കടകൾ ഉടൻ തന്നെ നീക്കം ചെയ്യും.
യോഗത്തിൽ കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ബി.കെ. സുധീർ കിഷൻ, മത്സ്യഫഡ് ജില്ലാ മാനേജർ ഇ. മനോജ്, ഡി.എഫ്.ഒ ആഷിക് അലി, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. ജയദീപ്, സി. ആദർശ്, വില്ലേജ് ഓഫീസർ പി.കെ. രേഖ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.