മതനിരപേക്ഷതയെ ഒറ്റുകൊടുത്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് അല്ലെ യഥാര്‍ത്ഥത്തില്‍ യൂദാസ്? -ചോദ്യവുമായി റിയാസ്

കോഴിക്കോട്: എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന ജോസ് കെ. മാണിയെ യൂദാസ് എന്ന് വിളിച്ച ഷാഫി പറമ്പില്‍ എം.എല്‍.എക്ക് മറുപടിയുമായി പി.എ മുഹമ്മദ് റിയാസ്. 30 വെള്ളിക്കാശിന് മതനിരപേക്ഷതയെ തുടര്‍ച്ചയായി ഒറ്റുകൊടുത്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം അല്ലെ യഥാര്‍ത്ഥത്തില്‍ 'യൂദാസ്' എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ബി.ജെ.പിയില്‍ ചേര്‍ന്ന അബ്ദുല്ലക്കുട്ടിയെയും ടോം വടക്കനെയും ഖുശ്ബുവിനെയൊന്നും 'യൂദാസ്' എന്ന് കോണ്‍ഗ്രസ്

ഇന്നുവരെ വിളിച്ചില്ലെന്ന് 'ജോസ് കെ. മാണിയെ 'യൂദാസ്' എന്ന് വിളിക്കുന്ന കോണ്‍ഗ്രസിനോട്' എന്ന പേരിലെ കുറിപ്പില്‍ റിയാസ് പറയുന്നു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:

ജോസ് കെ മാണിയെ "യൂദാസ്‌" എന്ന് വിളിക്കുന്ന കോൺഗ്രസിനോട്.....

അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
അബ്ദുള്ളക്കുട്ടിയെ "യൂദാസ്" എന്ന് കോൺഗ്രസ് വിളിച്ചതായി നാം എവിടെയും കേട്ടില്ല.
ടോം വടക്കൻ UDF വിട്ട് ബിജെപിയിൽ ചേക്കേറിയിരുന്നു.
ടോം വടക്കനെ "യൂദാസ്" എന്ന് കോൺഗ്രസ് വിളിച്ചിട്ടേയില്ല.
ഖുശ്ബു,ജ്യോതിരാദിത്യ സിന്ധ്യയുമടക്കം നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു കൊണ്ടേയിരിക്കുന്നു.
അവരെ ആരെയും "യൂദാസ്" എന്ന് കോൺഗ്രസ് ഇന്നുവരെ വിളിച്ചില്ല.
ജോസ് കെ മാണി യുഡിഎഫ് വിട്ടു പക്ഷെ മതവർഗീയ ബിജെപിക്കൊപ്പം അല്ല മതനിരപേക്ഷ എൽഡിഎഫിനൊപ്പം എന്ന് പ്രഖ്യാപിച്ചു. ഉടനെ കോൺഗ്രസിന് ജോസ് കെ മാണി യൂദാസായി.
മതവർഗീയ ഭ്രാന്തന്മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോൺഗ്രസ്സിന്റെ പ്രശ്നം എന്നതിന് ഇതിൽപരം തെളിവ് മറ്റെന്തു വേണം ?
യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്കറിയോത്ത. യേശു ക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു.
ബാബറിമസ്ജിദ് കർസേവകർ തകർക്കുമ്പോൾ അതിനു പിന്തുണ നൽകിയ നരസിംഹറാവു എന്ന പ്രധാനമന്ത്രിയെ "യൂദാസ്" എന്ന് കോൺഗ്രസ് വിളിച്ചില്ല...
ഇപ്പോൾ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനു പരിപൂർണ പിന്തുണ നൽകി 11 വെള്ളി ഇഷ്ടിക അയച്ചു കൊടുത്ത കോൺഗ്രസ് നേതാവ് കമൽനാഥിനെ "യൂദാസ്" എന്നു നിങ്ങൾക്ക് വിളിക്കുവാൻ തോന്നിയില്ല...
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അവസാനിപ്പിക്കുവാനുള്ള ബിജെപി അജണ്ടക്കൊപ്പം പരസ്യമായി നിലകൊള്ളുന്ന കോൺഗ്രസ്സ് നേതാക്കളിൽ ചിലരെ "യൂദാസ്" എന്ന് പാർട്ടിക്കകത്ത് വിളിക്കുവാൻ നിങ്ങൾക്ക് നാവ് ചലിച്ചില്ല...
30 വെള്ളിക്കാശിന് മതനിരപേക്ഷതയെ തുടർച്ചയായി ഒറ്റു കൊടുത്തു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് നേതൃത്വം അല്ലെ യഥാർത്ഥത്തിൽ "യൂദാസ്" ?
-പി എ മുഹമ്മദ് റിയാസ്-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.