പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു; പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങൾക്കും വീട്, കുട്ടികൾക്ക് വിദ്യാഭ്യാസം

മൂന്നാർ: പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് അകടത്തിൽ പെട്ടവർക്കുള്ള പുനരധാവസ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പെട്ടിമുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്നും വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറും മന്ത്രിമാരുമൊത്ത് ദുരന്തം നടന്ന പ്രദേശം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചുരുക്കം ചിലരാണ് ഇവിടെ അവശേഷിക്കുന്നത്. ഇവിടെ ഒരു പ്രദേശമാകെ ഒന്നിച്ച് ഒലിച്ചുപോയ അവസ്ഥയാണ്. ഇത്തരം ദുരന്തങ്ങളിലെല്ലാം സര്‍ക്കാര്‍ ചെയ്തത് വീട് നിര്‍മിച്ചുകൊടുക്കുക എന്നതാണ്. കവളപ്പാറയിലും പുത്തുമലയിലും എല്ലാം അത് ചെയ്തു. ഇവിടേയും അതേ നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. കണ്ണൻ ദേവൻ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപകടം നടന്ന സ്ഥലത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ഈ ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു. അക്കാര്യം കമ്പനി പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വച്ച് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടം എല്ലാവരെയും നടുക്കിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാഷ്ട്രപതി വിളിച്ചിരുന്നു, അദ്ദേഹത്തോട് അപകടത്തെ കുറിച്ച് വിശദീകരിച്ചു. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് ജീവിക്കാനുള്ള ധൈര്യം ലഭിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.

മൂന്നാറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗവർണ്ണർ ആരീഫ് മുഹമ്മദ്ഖാൻ, മന്ത്രിമാരായ എം എം മണി, ഇ ചന്ദ്രശേഖരൻ, അഡ്വ.ഡീൻ കുര്യാക്കോസ് എം.പി , എം എൽ എമാരായ എസ് രാജേന്ദ്രൻ, ഇ എസ് ബിജിമോൾ, പി ജെ ജോസഫ്, റോഷി അഗസ്റ്റ്യൻ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.