നെൽവയൽ നികത്തല്‍: ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനില്ല

തിരുവനന്തപുരം: 2008 ൽ നിലവിൽവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് മുമ്പ് ഉടമസ്ഥാവകാശമുള്ളവര്‍ക്ക് മാത്രമേ വീടുവെക്കാൻ നിലം നികത്താന്‍ അനുമതിയുള്ളൂവെന്ന ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നൽകേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം.

നിലവിലുള്ള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഹൈകോടതി ഫുള്‍ബെഞ്ച് ഉത്തരവിലൂടെ കഴിയുമെന്നാണ് റവന്യൂവകുപ്പ് കരുതുന്നത്. അതിനാല്‍ ഹൈകോടതി വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായും റവന്യൂവകുപ്പ് പറയുന്നു.ഇതോടെ 2008ന് ശേഷം നെല്‍വയല്‍, തണ്ണീര്‍ത്തടം വാങ്ങി വീടുവെക്കാനായി നികത്തുന്നവര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ല. 2008ന് ശേഷം പിന്തുടർച്ചാവകാശ പ്രകാരം നെല്‍വയല്‍ കൈമാറി ലഭിച്ചവര്‍ക്ക് വീടുവെക്കാനായി നികത്താന്‍ കോടതി ഉത്തരവുപ്രകാരം അനുമതിയുണ്ട്. നെല്‍വയല്‍ നികത്തി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനാണ് 2008ല്‍ നിയമം കൊണ്ടുവന്നത്. നിയമം വരുമ്പോള്‍ ഉണ്ടായിരുന്നതും േഡറ്റാബാങ്കില്‍ ഉള്‍പ്പെട്ടതുമായ നെല്‍വയല്‍ സംരക്ഷിക്കുകയായിരുന്നു നിയമത്തിന്‍റെ ലക്ഷ്യം.

ഒരു വ്യക്തിക്ക് ജില്ലയില്‍ മറ്റൊരിടത്തും താമസിക്കാന്‍ വീടില്ലെങ്കില്‍ വീട് നിര്‍മാണത്തിന് മാത്രമായി നിലം നികത്താനാണ് നിയമം അനുമതി നല്‍കുന്നത്. പഞ്ചായത്ത് പ്രദേശത്ത് പരമാവധി 10 സെന്‍റ് ഭൂമിയും നഗരപ്രദേശങ്ങളില്‍ അഞ്ചുസെന്‍റുമാണ് പരമാവധി നികത്താന്‍ അനുമതി. എന്നാൽ പാടത്തിന്‍റെ മധ്യഭാഗത്ത് അഞ്ചുസെന്‍റ് കണ്ടെത്തി വീടുവെക്കാൻ അനുമതിയില്ല. പാടശേഖരത്തിന്‍റെ നീരൊഴുക്കിനും മറ്റും തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കിയാകും ഇക്കാര്യത്തിൽ ഇളവ് നൽകുക. സമീപ വയലുകളുടെ ജൈവ ഘടനയെ ബാധിക്കരുതെന്നും നിബന്ധനയുണ്ട്. 

Tags:    
News Summary - Paddy Filling: Government has no appeal against High Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.