ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സുപ്രീംകോടതി നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍. സതീഷിനെ മാറ്റാന്‍ ധാരണ. സതീഷിനെ മാറ്റണമെന്നാവശ്യപെട്ട് രാജകുടുംബം സുപ്രീംകോടതിയില്‍ നൽകിയ ഹരജിയിൽ അമിക്കസ് ക്യൂറിയും അനുകൂല നിലപാടെടുത്തേതാടെയാണ് ധാരണയായത്. പുതിയ എക്സിക്യൂട്ടീവ് ഒാഫിസറുടെ നിയമനത്തിനായി മൂന്ന് IAS ഉദ്യോഗസ്ഥരുടെ പേരുകൾ സംസ്ഥാന സര്‍ക്കാറും രണ്ടാളുകളുടെ പേര് അമിക്കസ് ക്യൂറിയും സമർപ്പിച്ചു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച സുപ്രീംകോടതി തീരുമാനമെടുത്തേക്കും.
സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വി. രതീശന്, ഹൗസിങ് കമീഷണര്‍ എസ്. കാര്ത്തികേയന്, സഹകരണ സ്പെഷല്‍ സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന സര്‍ക്കാര്‍ നിർദേശിച്ചത്. തമിഴ്നാട് കേഡര്‍ IAS ഉദ്യോഗസ്ഥനായിരുന്ന ഡോ. ആര്. കണ്ണന്, മുന്‍ ചീഫ് സെക്രട്ടറി നീല ഗംഗാധരന് എന്നീ പേരുകളാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നിര്‍ദേശിച്ചത്. സര്‍ക്കാറും അമിക്കസ്ക്യൂറിയും രാജകുടുംബവും നടത്തിയ ചര്‍ച്ചയില്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ ആരാകണമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.
സതീഷ് ഏകപക്ഷീയമായും പക്ഷപാതപരമായും പെരുമാറുന്നുവെന്ന ക്ഷേത്രം ഭരണസമിതിയുടെയും രാജകുടുംബത്തിെൻറയും പരാതികൾ പരിഗണിച്ചാണ് എക്സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റുന്നത്. എക്സിക്യൂട്ടീവ് ഓഫിസറെ മാറ്റിയില്ലെങ്കില്‍ ക്ഷേത്രഭരണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നായിരുന്നു ഭരണസമിതിയുടെ റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ പരിശോധിച്ച കോടതി പുതിയ എക്സിക്യൂട്ടീവ് ഓഫിസറെ സമവായത്തിലൂടെ കണ്ടെത്താന്‍ രാജകുടുംബത്തിനും അമിക്കസ്ക്യൂറിക്കും നിര്‍ദേശം നല്കി. ഇതിനായി കേസ് പരിഗണിക്കുന്നതിനിടയിൽ ഒന്നര മണിക്കൂർ ഇടവേള കക്ഷികൾക്ക് അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സമവായ ചര്‍ച്ചയില്‍ സ്വമേധയാ സ്ഥാനമൊഴിയാന്‍ കെ.എന്‍. സതീഷ് തയാറായി. അതേസമയം, ആരോപണങ്ങള്‍ വീണ്ടും കോടതിയില്‍ ഉന്നയിക്കില്ലെന്ന് രാജകുടുംബവും ഉറപ്പ് നല്കി.
ക്ഷേത്രം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അടുത്ത മാസം 19 വരെ കെ.എന്‍. സതീഷ് തുടരട്ടെയെന്ന് അമിക്കസ്ക്യൂറിയും രാജകുടുംബവും നിലപാട് എടുത്തുവെങ്കിലും എക്സിക്യൂട്ടീവ് ഓഫിസറെ മാറ്റുന്നുണ്ടെങ്കില്‍ അത് ഉടന്‍ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.