തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ പരാതിക്കാരി പലർക്കും പണം വാഗ്ദാനം ചെയ്തിരുന്നതായി സി.ബി.ഐ. പരാതിക്കാരിയുടെ ഡ്രൈവറായിരുന്ന ശ്രീജിത്ത്, ടീം സോളാർ കമ്പനി ഉദ്യോഗസ്ഥൻ രാജശേഖരൻ നായർ എന്നിവർക്കാണ് തനിക്ക് അനുകൂലമായി മൊഴി നൽകിയാൽ പണം നൽകാമെന്ന് അറിയിച്ചത്. ഇതനുസരിച്ച് ക്രൈംബ്രാഞ്ചിൽ ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകിയ ഇവർ പിന്നീട് സി.ബി.ഐക്ക് മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
2012 സെപ്റ്റംബർ 19ന് ക്ലിഫ് ഹൗസിൽ ഉമ്മൻ ചാണ്ടി തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കാര്യം ഡ്രൈവറും സുഹൃത്തുകളുമായ ശ്രീജിത്ത്, സന്ദീപ് എന്നിവരോട് നേരിട്ടും ഓഫിസ് ജീവനക്കാരായിരുന്ന രാജശേഖരൻ നായരോട് ഫോണിലും അറിയിച്ചെന്നായിരുന്നു പരാതിക്കാരി ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും നൽകിയ മൊഴി. എന്നാൽ, ക്രൈംബ്രാഞ്ചിന് മുന്നിൽ സന്ദീപ് പരാതിക്കാരിയുടെ മൊഴി നിഷേധിച്ചു. താൻ ക്ലിഫ് ഹൗസിൽ പോയിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയെ കണ്ടില്ലെന്നും വാർത്താമാധ്യമങ്ങളിലൂടെയാണ് പീഡനവിവരം അറിയുന്നതെന്നുമായിരുന്നു ഇയാൾ സി.ബി.ഐയോട് വിശദീകരിച്ചത്.
എന്നാൽ, സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ഉറ്റ സുഹൃത്തായ ശ്രീജിത്തും രാജശേഖരൻ നായരും മൊഴിയിൽ ഉറച്ചുനിന്നു. ക്രൈംബ്രാഞ്ചും സി.ബി.ഐയും മൊഴിയെടുക്കാൻ വിളിച്ച ദിവസവും അതിന് മുമ്പും ശേഷവും നിരവധി തവണ പരാതിക്കാരി ശ്രീജിത്തിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകേണ്ട മൊഴി എങ്ങനെയാകണമെന്ന് പഠിപ്പിക്കാൻ നേരിൽ കണ്ടിരുന്നതായും സി.ബി.ഐ കണ്ടെത്തി. ഇതുസംബന്ധിച്ച് ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മൊഴി നൽകാൻ പരാതിക്കാരി 5000 രൂപ നൽകിയതായി വെളിപ്പെടുത്തിയത്.
ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകാൻ പരാതിക്കാരി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റബോധം വേട്ടയാടിയതോടെ സത്യം വെളിപ്പെടുത്താൻ രാജശേഖരൻ നായർ തയാറായതായി സി.ബി.ഐ റിപ്പോർട്ടിലുണ്ട്. ക്ലിഫ് ഹൗസിലെ പീഡനം നേരിൽ കണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പൂഞ്ഞാർ എം.എൽ.എയായിരുന്ന പി.സി. ജോർജിനെയും പരാതിക്കാരി സമീപിച്ചു. എന്ത് മൊഴി നൽകണമെന്ന് ജോർജിന് പേപ്പറിൽ എഴുതി നൽകി. പേപ്പർ വാങ്ങിവെച്ച് 10,000 രൂപയും നൽകിയാണ് ജോർജ് പരാതിക്കാരിയെ യാത്രയാക്കിയത്. പരാതിക്കാരി ആവശ്യപ്പെട്ട മൊഴി ജോർജ് കോടതിയിൽ നൽകിയില്ല. പകരം ഈ പേപ്പർ സി.ബി.ഐക്ക് മുന്നിലും കോടതിയിലും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.