‘വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൊണ്ട് കൊന്നുകളഞ്ഞില്ലേ’; നവീന്‍റെ അന്ത്യയാത്രയിൽ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ

പത്തനംതിട്ട: ‘വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൊണ്ട് കൊന്നുകളഞ്ഞില്ലേ... ഞങ്ങളുടെ പ്രിയ സോദരനെ’ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് കിടത്തിയ പത്തനംതിട്ട കലക്ടറേറ്റ് മുറ്റത്ത് ഉയർത്തിയ ബോർഡുകളിലൊന്നിലെ വരികൾ ദുഃഖഭാരത്താൽ അമർത്തിപ്പിടിച്ച സഹപ്രവർത്തകരുടെ രോഷപ്രകടനമായിരുന്നു.

പാവങ്ങളുടെ അത്താണിയെന്ന് ഉച്ചത്തിൽ അഭിമാനത്തോടെ വിളിച്ച് ഒരുവേള അവർ നിയന്ത്രണംവിട്ടു. വാക്കുകൊണ്ട് മുറിവേറ്റ് ജീവൻ വെടിയേണ്ടിവന്ന നവീൻ ബാബുവിന്‍റെ അന്ത്യയാത്ര ചടങ്ങുകളിൽ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളും ഒന്നടങ്കം വിങ്ങിപ്പൊട്ടി. നാടൊന്നാകെ ആദ്യവസാനം ഒപ്പംനിന്നാണ് യാത്രാമൊഴി നൽകിയത്. രണ്ട് പെൺമക്കൾ ചേർന്ന് കൊളുത്തിയ ചിത എരിഞ്ഞ് തീരുവോളം അവിടെനിന്ന് മാറാതെ ഐക്യദാർഢ്യവുമായി സഹപ്രവർത്തകർ കാത്തുനിന്നു.

നവീൻ ബാബുവിനെക്കുറിച്ച് നല്ലതു മാത്രമേ നാട്ടുകാർക്കും ജനപ്രതിനിധികൾക്കും സഹപ്രവർത്തകർക്കും പറയാനുള്ളൂ. കോവിഡ്, വെള്ളപ്പൊക്കം, ശബരിമല തീർഥാടനം, ശബരിമല വനപ്രദേശത്തെ ആദിവാസികളോടുള്ള ഇടപെടൽ തുടങ്ങി നിരവധി വിഷയങ്ങളിൽ നവീൻ സത്യസന്ധമായി പെരുമാറി. മുൻ കലക്ടർമാരായ പി.ബി. നൂഹ്, ദിവ്യ എസ്. അയ്യർ തുടങ്ങിയവർ ആ സത്യസന്ധതക്ക് സാക്ഷ്യം വഹിച്ചവരാണ്. ഓരോ ഫയലും ഓരോ ജീവിതമായിരുന്നുവെന്ന് മുന്നേ തിരിച്ചറിഞ്ഞ സർക്കാർ ഉദ്യോഗസ്ഥനാണ്.

ക്ലർക്കായി സർക്കാർ സർവിസിൽ പ്രവേശിച്ചത്. 2010ലാണ് ജൂനിയർ സൂപ്രണ്ടായത്. 2022ൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറായി. എന്നും ഇടതുപക്ഷ സഹയാത്രികരായിരുന്നു നവീൻ ബാബുവും കുടുംബവും. പരേതരായ അധ്യാപക ദമ്പതികളായ കൃഷ്ണൻ നായരുടെയും രത്നമ്മയുടെയും മകനാണ്. മാതാവ് സി.പി.എം പഞ്ചായത്ത് അംഗമായിരുന്നു.

അനുഭവപാഠം -കെ.കെ. ശൈലജ

കോട്ടയം: കണ്ണൂർ എ.ഡി.എമ്മിന്‍റെ ആത്മഹത്യ ദൗർഭാഗ്യകരമാണെന്നും ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരായ ആരോപണങ്ങളിലെ യഥാർഥ വസ്തുത അറിയില്ലെന്നും കെ.കെ. ശൈലജ എം.എൽ.എ. പി.പി. ദിവ്യയുടേത് എല്ലാർക്കും അനുഭവപാഠമാണ്.

യാത്രയയപ്പ് യോഗത്തിൽ ദിവ്യ പോകേണ്ടിയിരുന്നില്ലെന്ന് പാർട്ടി പറഞ്ഞിരുന്നു. എ.ഡി.എമ്മിനെതിരായി മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്നത് വ്യാജപരാതിയാണോയെന്ന് പരിശോധിക്കണം.സരിന്റെ ഇടത് സ്ഥാനാർഥിത്വത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ല. പാർട്ടി ചർച്ച ചെയ്യുമെന്നും കെ.കെ. ശൈലജ പറഞ്ഞു.

‘അറസ്റ്റ് ചെയ്യണം’

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Painful views of Naveen Babu's last journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.