പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച് ഡി.സി.സി. സ്ഥാനാർഥികളായി ഉയർന്നുകേട്ട പേരുകളായ രാഹുൽ മാങ്കൂട്ടത്തിലിനോടും ഡോ.പി.സരിനോടും ജില്ലാ നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് സൂചന. സ്ഥാനാർഥിയായി മുരളീധരനെത്തിയാൽ ഗ്രൂപ്പ് മറന്ന് ഒന്നിച്ചുള്ള പ്രവർത്തനമുണ്ടാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
കെ.മുരളീധരൻ സ്ഥാനാർഥിയാവണമെന്ന ആവശ്യം ജില്ലാ നേതൃത്വം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുൻ എം.എൽ.എയും കെ.പി.സി.സി ഉപാധ്യക്ഷനുമായ വി.ടി. ബൽറാം, കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി. സരിൻ എന്നിവരെയും സ്ഥാനാർഥികളായി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ, സ്ഥാനാർഥിത്വം സംബന്ധിച്ച് പാലക്കാട് മുൻ എം.എൽ.എ ഷാഫി പറമ്പിലിന്‍റെ അഭിപ്രായവും കെ.പി.സി.സി നേതൃത്വം തേടുമെന്ന് റിപ്പോർട്ടുണ്ട്.
ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളെ സ്ഥാനാർഥിയാക്കാൻ സി.പി.എം പാലക്കാട് ജില്ല ഘടകത്തിന്‍റെ നിർദേശമുണ്ട്. ഇത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. മുമ്പ് ചില ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ ചർച്ചയിലില്ല.
അതിനിടെ, ബി.ജെ.പി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. പാലക്കാട് നഗരസഭ ഓഫിസിനു മുന്നിലാണ് ‘ശോഭ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ എന്ന ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഇതിനകം സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കെയാണ് ശോഭ സുരേന്ദ്രൻ വിഭാഗം ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.