കൊല്ലപ്പെട്ട അനീഷ്

പാലക്കാട് ജാതിക്കൊല: ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയിൽ

പാലക്കാട്: കുഴൽമന്ദം ​തേങ്കുറുശ്ശിയിലെ ജാതിക്കൊലയിൽ പ്രതികൾ കസ്റ്റഡിയിലെന്ന് പൊലീസ്. കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവ്​ പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. കോയമ്പത്തൂരിന് സമീപമുള്ള ബന്ധു വീട്ടിൽ നിന്നാണ് പ്രഭുകുമാറിനെ കസ്റ്റഡിയിലെടുത്തത്. പ്രഭുകുമാറിനെ ഉച്ചയോടെ പാലക്കാട് എത്തിച്ച് വിശദമായി ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

അതേസമയം, അനീഷിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രാവിലെ പത്ത് മണിയോടെ നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

​വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) തേങ്കുറുശ്ശിയിൽവെച്ച് കൊല്ലപ്പെട്ടത്. തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപമാണ് ദാരുണ​ സംഭവം നടന്നത്. കടയിൽ പോയി സഹോദരനൊപ്പം ബൈക്കിൽ തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്ന്​ മാസം മുമ്പാണ്​ സ്​കൂൾ കാലം തൊട്ട്​ പ്രണയിച്ച ഹരിതയെ അനീഷ്​ രജിസ്റ്റർ വിവാഹം ചെയ്​തത്​. ഹരിതയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് അനീഷ് ഒന്നര മാസം രഹസ്യമായി താമസിക്കുകയായിരുന്നു.

കൊലപാതകം ആസൂത്രിതമാണെന്നും വിവാഹത്തിന്​ താൽപര്യമില്ലാതിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ മുമ്പ്​ ഭീഷണിപ്പെടുത്തിയതായും അനീഷിന്‍റെ സഹോദരൻ അരുൺ മാധ്യമങ്ങളോട്​ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.