പാലക്കാട് -കോഴിക്കോട് ദേശീയ പാത നിർമാണം: സർക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് റിപ്പോർട്ട്

കോഴിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയ പാത 966 ലെ നിർമാണത്തിൽ സർക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള 23 കിലോ മീറ്റർ റോഡിന്റെ വീതിക്കൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവർത്തിയാണ് സർക്കാരിന് നഷ്ടമുണ്ടായത്. അസംസ്കൃത വസ്തുക്കളുടെ ടെസ്റ്റ് റിസൾട്ടുകൾ അവലോകനം ചെയ്തതിൽ അളവുകളിൽ കുറവുള്ളതായി കണ്ടെത്തി.

റോഡിൻന്റെ വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവർത്തിയുടെ ടെണ്ടർ നടപടികളിൽ സ്വജനപക്ഷപാതവും നിർവഹണത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപിച്ച് ലഭിച്ച പരാതിയിന്മേലാണ് ധനകാര്യ വിഭാഗ പരിശോധന നടത്തിയത്. ചീഫ് ടെക്നിക്കൽ എക്സാമിനറുടെ (സി.ടി.ഇ) കാര്യാലയത്തിലെ സാങ്കേതിക വിദഗ്ദ്ധരും സംയുക്ത പരിശോധയിൽ പങ്കെടുത്തു. അന്വേഷണത്തിൽ ഗുരുതരമായി ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ക്വാളിറ്റി വിഭാഗം തയാറാക്കിയ ടെസ്റ്റ് റിപ്പോർട്ടുകളും ഫൈനൽ ബില്ലും താരതമ്യപ്പെടുത്തിയപ്പോൾ വന്നിട്ടുള്ള നഷ്ടം 7,19,42,216 രൂപ രൂപയാണ് എന്ന് ചിഫ് ടെക്നിക്കൽ എക്സാമിനർ (സി.ടി.ഇ) സാക്ഷ്യപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തി. എസ്റ്റിമേറ്റ് പ്രകാരം നിർവഹിക്കേണ്ട പ്രവർത്തിയിൽ കൃത്രിമം കാണിച്ച് സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാറുകാരൻ/കമ്പനിയായ മഞ്ചേരിയിലെ മലബാർ ടെക്, എന്ന സ്ഥാപനത്തിന്റെ കരാർ ലൈസൻസ് ഉടമയുടെ ലൈസൻസ് റദ്ദ് ചെയ്ത്‌ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന കാര്യം ഭരണ വകുപ്പ് പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

അസംസ്കൃത ഇനങ്ങളുടെ കനവും നിലവാരവും കുറച്ച് സർക്കാർ ഖജനാവിനു 7.19 കോടി രൂപയുടെ നഷ്ടം വരുത്തുകയും കരാറുകാരനെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തി കൃത്യവിലോപം കാട്ടിയ എക്സിക്യൂട്ടീവ് എഞ്ചിനീയറായ കെ. മുഹമ്മദ് ഇസ്മയിൽ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായ എം.കെ. സിമി, അസി. എഞ്ചിനീയറായ സി.ടി. മുഹ്സിൽ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മ‌ാൻ പി. പ്രദീപ് കുമാർ എന്നീ ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണം.

സർക്കാരിന് നഷ്ടമുണ്ടാക്കിയതായി സി.ടി.ഇ കണക്കാക്കിയ തുകയായ 7,19,42,216 രൂപ ഈ ഉദ്യോഗസ്ഥരുടെ തുല്യ ബാധ്യതയായി കണക്കാക്കണം. ഇവരിൽനിന്ന് ഈ തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിച്ച് അടിയന്തര നടപടി പൊതുമരാമത്തു വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്തു. 

Tags:    
News Summary - Palakkad-Kozhikode National Highway Construction: Reportedly 7.19 crore loss to the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.