പാലക്കാട്: പട്ടികജാതി വികസന വകുപ്പിെൻറ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിയമനങ്ങളിൽ വൻ സംവരണ അട്ടിമറി. നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത് ദേശീയ പട്ടികജാതി കമീഷൻ ശിപാർശ മറികടക്കാൻ ലക്ഷ്യമിെട്ടന്നും ആരോപണം. സംവരണ അട്ടിമറി പരാതികളെതുടർന്ന് 2019 ഫെബ്രുവരിയിൽ മെഡിക്കൽ കോളജ് സന്ദർശിച്ച ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ നിയമനങ്ങൾക്ക് സ്പെഷൽ റൂളും സ്പെഷൽ റിക്രൂട്ട്മെൻറും ശിപാർശ ചെയ്തിരുന്നു. സ്പെഷൽ റൂളിൽ കുറഞ്ഞത് 75 ശതമാനം സംവരണം എസ്.സി-എസ്.ടി വിഭാഗത്തിന് ഉറപ്പാക്കണമെന്ന് 2019 ജൂൺ 22ന് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമീഷനും ശിപാർശ ചെയ്തു. എന്നാൽ, രണ്ട് ശിപാർശകളും സംസ്ഥാന സർക്കാർ അവഗണിച്ചു.
പൊതുസംവരണ തത്വംപോലും നിയമനങ്ങളിൽ പാലിക്കപ്പെട്ടില്ല. 161 അധ്യാപകരിൽ പട്ടികജാതിക്കാരായി 17 ഉം പട്ടികവർഗക്കാരായി രണ്ടു പേരുമേയുള്ളൂ. 16 പ്രഫസർമാരിൽ പട്ടികജാതിക്കാർ അഞ്ച്. അസോസിയേറ്റ് പ്രഫസർ 21 ൽ രണ്ടും അസി. പ്രഫസർ 41 ൽ ഒരാളുമാണ് പട്ടികജാതി. 17 പേരുള്ള സീനിയർ റെസിഡൻറ് തസ്തികയിൽ പട്ടികജാതിക്കാർ മൂന്ന്. ജൂനിയർ റെസിഡൻറ്/ട്യൂട്ടർ 69 ൽ പട്ടികജാതിക്കാരുടെ എണ്ണം അഞ്ച്.
പല തസ്തികകളിലും എസ്.സി-എസ്.ടി പൊതുസംവരണ മാനദണ്ഡമായ 10 ശതമാനംപോലും ഇല്ല. അസി. പ്രഫസർ തസ്തികയിൽ 2.43 ശതമാനവും അസോസിയേറ്റ് പ്രഫസർ 7.69 ശതമാനവും ജൂനിയർ റെസിഡൻറ്/ട്യൂട്ടർ 7.24 ശതമാനവും മാത്രമാണ് പ്രാതിനിധ്യം. ഉദ്യോഗക്കയറ്റത്തിലൂടെ ഭരണച്ചുമതലയിലും പ്രഫസർമാരായും എത്തുന്ന തസ്തികകളിലും പ്രാതിനിധ്യം നാമമാത്രം. അനധ്യാപക തസ്തികകളിൽ 50 ശതമാനം സംവരണം പാലിക്കപ്പെട്ടെങ്കിലും അധ്യാപകരിൽ 10 ശതമാനം പോലുമില്ല. ഭരണവിഭാഗത്തിൽ ആരും ഇല്ല.
കമീഷൻ ശിപാർശ മറികടക്കുകയാണ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ എടുത്ത തീരുമാനത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. നിയമന സമയത്ത് സംവരണ വിഭാഗങ്ങളിലെ യോഗ്യരെ ലഭിച്ചില്ലെന്നും നിയമിക്കപ്പെട്ട പലരും വന്നില്ലെന്നുമാണ് പ്രാതിനിധ്യക്കുറവിന് അധികൃതരുടെ ന്യായം.
പൂർണമായും പട്ടികജാതി ഫണ്ടിൽ നിർമിച്ച മെഡിക്കൽ കോളജിൽ സ്പെഷൽ റൂൾ ഇല്ലാതെ സ്പെഷൽ ഒാഫിസറുടെ മാത്രം ഉത്തരവിൽ തോന്നുംപടി നിയമനം നടത്തിയതാണ് സംവരണം അട്ടിമറിക്കപ്പെടാൻ കാരണമായെതന്ന് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.