പാലക്കാട്: ആർ.എസ്.എസ്, പോപുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താൻ ഫോൺവിളികൾ സഹായകമാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം. കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30ഓളം പേരുടെ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ സൈബർ സെല്ലിന് കൈമാറി. ഇന്ന് സമാധാനയോഗം നടക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെങ്ങും കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.
ഇന്ന് വൈകീട്ട് 3.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് സർവകക്ഷി സമാധാനയോഗം ചേരുക. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്പീക്കർ എം.ബി. രാജേഷും പങ്കെടുക്കും.
പോപുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്‍റ് സുബൈറിന്‍റെ വധത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാലുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ആർ.എസ്.എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണിത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. കസ്റ്റഡിയിലുള്ള സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ എരട്ടക്കുളത്തുവെച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ വധിക്കാൻ എത്തിയ ബൈക്കുകളിൽ ഒന്നിന്‍റെ നമ്പറും ഉടമയേയും പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് സ്ത്രീയുടെ പേരിലുള്ളതാണ്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പാലക്കാട് നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് പ്രതികൾ എന്നാണ് സൂചന.
പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്ന് ടൗൺ നോർത്ത് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലുണ്ട്. തമിഴ്നാട് ആംഡ് പൊലീസ് ഉൾപ്പെടെ 1500ഓളം പൊലീസുകാരുടെ സംരക്ഷണ വലയത്തിലാണ് പാലക്കാട് നഗരം. ജില്ലയിൽ 20 വരെ നിരോധനാജ്ഞ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.