കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽനിന്ന് പിന്മാറാൻ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ പണം വാഗ്ദാനം ചെയ്തെന്നും പരാതിക്കാരൻ ഗിരീഷ് ബാബു. മാധ്യമ സ്ഥാപനത്തിെൻറ മറവിൽ 10 കോടി രൂപ വെളുപ്പിച്ചെന്ന പരാതി പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞിെൻറ ആളുകളിൽനിന്നും നിരന്തര സമ്മർദമുണ്ടായെന്നും അദ്ദേഹം വിജിലൻസിന് മൊഴി നൽകി.
പിന്മാറില്ലെന്ന് അറിയിച്ചതോടെ കേസിന് പിന്നിൽ മുസ്ലിം ലീഗിലെ തന്നെ ചില നേതാക്കളാണെന്ന് വ്യക്തമാക്കി കത്ത് നൽകണമെന്നായി ആവശ്യം. ഇങ്ങനെ ചെയ്താൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് ഇബ്രാഹിംകുഞ്ഞ് നേരിട്ട് വാഗ്ദാനം ചെയ്തതായും ഗിരീഷ് ബാബു പറഞ്ഞു. പാർട്ടി നേതൃത്വത്തിന് കൈമാറുന്നതിന് വേണ്ടിയാണ് കത്ത് ചോദിച്ചത്.
കളമശ്ശേരി, മുട്ടം, ആലുവ, ചേരാനല്ലൂർ സ്വദേശികളായ ലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ പേര് പറയണമെന്നായിരുന്നു ആവശ്യം. ഇവരാണ് പരാതിക്ക് പിന്നിലെന്ന് അറിയാമെന്നും അത് താൻ നേരിട്ട് പറയണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. നാട്ടിൽ തനിക്ക് പരിചയമുള്ള ചിലരാണ് ആദ്യം സമീപിച്ചത്. പിന്നീട് ഇബ്രാഹിംകുഞ്ഞും മകനുമായും അവരുടെ വീട്ടിൽവെച്ച് സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട ഫോൺകാളുകളൊന്നും താൻ റെക്കോഡ് ചെയ്തിട്ടില്ല. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും പരിശോധിച്ചാൽ താൻ അവരുടെ വീട്ടിൽ പോയിരുന്ന കാര്യം വ്യക്തമാകും.
സംഭവത്തിന് തെളിവായി ഇബ്രാഹിംകുഞ്ഞ് നൽകിയ എഗ്രിമെൻറിെൻറ ഡ്രാഫ്റ്റ് വിജിലൻസിന് മുന്നിൽ ഹാജരാക്കി.
ഗിരീഷ് ബാബുവിെൻറ പരാതിയിൽ ഹൈകോടതി നിർദേശപ്രകാരം എൻഫോഴ്സ്മെൻറ് വിഭാഗം ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തിരുന്നു. ഇതിൽനിന്ന് പിന്മാറാൻ ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്തെന്ന് കാണിച്ച് പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി നിർദേശ പ്രകാരമുള്ള അന്വേഷണത്തിെൻറ ഭാഗമായാണ് കടവന്ത്ര വിജിലൻസ് ഓഫിസിൽ വെച്ച് ഐ.ജി എച്ച്. വെങ്കിടേഷ് മൊഴിയെടുത്തത്.
അതേസമയം ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ആരോപണങ്ങൾ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.