കോട്ടയം/മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ ബംഗളൂരു അശോക് നഗര്‍ സിക്സ്ത് ക്രോസ് 59ൽ വി.വി. നാഗേഷ് അറസ്റ്റിൽ. ബുധനാഴ്ച കോട്ടയത്തെ വിജിലൻസ് ഓഫിസിൽ വിളിച്ചുവരുത്തിയ നാഗേഷിനെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് വൈദ്യപരിശോധന ഉറപ്പാക്കണമെന്നും ഒരു തരത്തിലുള്ള സമ്മർദങ്ങളും പാടില്ലെന്നും അന്വേഷണസംഘത്തോട് നിർദേശിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു വിജിലൻസ് ആവശ്യം. എന്നാൽ, കോടതി അംഗീകരിച്ചില്ല. നാഗേഷിെൻറ ജാമ്യാപേക്ഷയിൽ 24ന് വാദം കേൾക്കും. ഇബ്രാഹീംകുഞ്ഞിന് പിന്നാലെയാണ് കേസിലെ 13ാം പ്രതി നാഗേഷിെൻറ അറസ്റ്റ്.
അതിനിടെ കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ ഉൾപ്പെടെ അഞ്ച് പേരെ കൂടി വിജിലൻസ് പ്രതി ചേർത്തു. പത്താം പ്രതിയാണ് മുഹമ്മദ് ഹനീഷ്. ഇന്നലെ അറസ്റ്റിലായ നാഗേഷ്, പൊതുമരാമത്ത് മുൻ സ്പെഷൽ സെക്രട്ടറി കെ. സോമരാജൻ, കിറ്റ്കോ മുൻ കൺസൽട്ടൻറ് എ.എച്ച് ഭാമ, മുൻ സീനിയർ കൺസൽട്ടൻറ് ജി. സന്തോഷ്, എന്നിവരാണ് പുതുതായി പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ. ഇതോടെ ആകെ പ്രതികൾ 13 ആയി.
ബംഗളൂരു ആസ്ഥാനമായ നാഗേഷ് കണ്സള്ട്ടന്സിക്കായിരുന്നു പാലാരിവട്ടം പാലം രൂപകൽപനക്കുള്ള കരാർ. 17 ലക്ഷം രൂപയാണ് നാഗേഷ് പ്രതിഫലം ൈകപ്പറ്റിയത്. പാലത്തിന് അനുയോജ്യമല്ലായിരുന്നു രൂപരേഖ. ഇതേ രൂപരേഖ കൊല്‍ക്കത്തയിലെ സ്വകാര്യ കമ്പനിക്കും നല്കി പ്രതിഫലം വാങ്ങി. ഇത് നിയമവിരുദ്ധമാണെന്നും വിജിലൻസ് പറയുന്നു.
പാലം നിർമാണത്തിന് കരാർ നൽകുേമ്പാൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ ഓഫ് കേരള (ആർ.ബി.ഡി.സി.കെ) എം.ഡിയായിരുന്നു മുഹമ്മദ് ഹനീഷ്. ആർ.ഡി.എസ് പ്രോജക്ട്സ് കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിക്കാൻ ഒത്താശ ചെയ്തു എന്നാണ് പ്രതിചേർക്കാൻ കാരണമായി വിജിലൻസ് പറയുന്നത്. പണം ആവശ്യപ്പെട്ട് കരാർ കമ്പനി നൽകിയ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുകയാണ് ചെയ്തതെന്നും ശിപാർശ ചെയ്തിട്ടില്ലെന്നുമാണ് ഇദ്ദേഹം നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.