കൊച്ചി: ഏറെ വിവാദങ്ങൾക്കും സുപ്രീംകോടതിയുടെ വരെ ഇടപെടലിനും വഴിതെളിച്ച പാലാരിവട്ടം മേൽപാലം ഇന്ന് വൈകുന്നേരം നാലിന് തുറക്കും. ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. തുടര്‍ന്ന് മന്ത്രി ജി. സുധാകരന് പാലം സന്ദര്‍ശിക്കും. 100 വർഷത്തെ ഈട് ഉറപ്പ് നൽകി ഇ. ശ്രീധരെൻറ നേതൃത്വത്തിൽ ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം പുനർനിർമിച്ചത്.
47.70 കോടി രൂപ എസ്റ്റിമേറ്റിൽ നിർമിച്ച ആദ്യ പാലത്തിൽ വിള്ളലും തകർച്ചയും കണ്ടപ്പോൾ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിെൻറ സാങ്കേതിക ടീം, വിജിലൻസ്, പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ, ഇ. ശ്രീധരെൻറ നേതൃത്വത്തിലെ സാങ്കേതിക വിദഗ്ധർ എന്നിവർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ഒരു കരാർ സംഘടനയും കരാറുകമ്പനിയും കേസ് നൽകിയെങ്കിലും സുപ്രീംകോടതി പുനർനിർമാണത്തിന് അനുമതി നൽകി.
22.68 കോടിയാണ് പുനർനിർമാണ ചെലവ്. എട്ട് മാസം കാലയളവ് നൽകിയെങ്കിലും കരാർ കമ്പനി അഞ്ചര മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ചു. ഭാരപരിശോധന തൃപ്തികരമായി പൂർത്തിയാക്കി പാലം ഗതാഗതത്തിന് അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റ് ഡി.എം.ആർ.സിയിൽനിന്ന് മന്ത്രിക്ക് ലഭിച്ചു. ആദ്യ നിർമാണത്തിലെ പാളിച്ചകളും ചട്ടലംഘനങ്ങളും വിജിലൻസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.