ഫലസ്തീൻ ഐക്യദാർഢ്യം: വെൽഫെയർ പാർട്ടിക്കെതിരായ കള്ള പ്രചാരണങ്ങളെ തള്ളിക്കളയണം -എസ്. ഇർഷാദ്

തിരുവനന്തപുരം: ഒക്ടോബർ 17 ന് കോഴിക്കോട് നഗരത്തിൽ ഇസ്രായേലിന്റെ ഗസ്സ വംശഹത്യക്കെതിരിലും ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയെയും പൊതുസമ്മേളനത്തെയും തുടർന്ന് നടന്ന വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് .

പാർട്ടിയുടെ ആഹ്വാനമുൾക്കൊണ്ട് സ്ത്രീകളും കുട്ടികളും യുവജനങ്ങളുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്ത റാലി ഇസ്രായേലിനെതിരായ പൊതുജനവികാരം പ്രതിഫലിപ്പിക്കുന്ന പ്രതിഷേധ സമരം കൂടിയായിരുന്നു. എന്നാൽ, വെൽഫെയർ പാർട്ടി നടത്തിയ റാലിയിൽ ഫലസ്തീൻ പതാകയ്ക്ക് പകരം ഇറ്റലിയുടെ ദേശീയ പതാക ഉപയോഗിച്ചു എന്ന രീതിയിലുള്ള കള്ളപ്രചാരണങ്ങൾ ചില മാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമായ എക്‌സിൽ നിക്ഷിപ്ത താല്പര്യക്കാരും സംഘ്പരിവാർ നേതാക്കളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തുന്നതായി ശ്രദ്ധയിൽപെടുകയുണ്ടായി.

വെൽഫെയർ പാർട്ടി പതാകയുടെയും ഇറ്റലിയുടെ ദേശീയ പതാകയുടെയും നിറങ്ങളിലെ ചില സാമ്യതകൾ വെച്ചു കൊണ്ട് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന കള്ള പ്രചരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി, യുവമോർച്ച ദേശീയ സെക്രട്ടറി തേജീന്ദർ പാൽ സിംഗ് ബഗ്ഗ, യുവമോർച്ച ദേശീയ കമ്മിറ്റി അംഗവും നരേന്ദ്ര മോദി എക്‌സിൽ ഫോളോ ചെയ്യുന്ന പ്രൊഫൈലുമായ അഭിമന്യു ത്യാഗി, ബി ജെ പി നാഗലാൻഡ് പ്രസിഡന്റ് ബെഞ്ചമിൻ യെപ്തോമി, ഇമാം ഓഫ് പീസ് എന്ന പേരിൽ സ്വയം പ്രഖ്യാപിത ഇമാമായി ചമയുന്ന മുഹമ്മദ്‌ തൗഹീദി തുടങ്ങിയ നിരവധി പേരാണ് ഈ കള്ള പ്രചരണം ഏറ്റു പിടിച്ചു കൊണ്ടിരിക്കുന്നതെന്നും ഇർഷാദ് പറഞ്ഞു.

സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടിട്ടും തിരുത്തുവാൻ ഇക്കൂട്ടർ ഇതുവരെ തയാറായിട്ടില്ല. ഇസ്രായേലിന്റെ അധിനിവേശത്തിനും അപ്പാർത്തീഡിനും എതിരെ നില കൊള്ളുന്ന വ്യക്തികളെയും സംഘടനകളെയും അധിക്ഷേപിക്കാനും ലോകമാകെ ശക്തിപ്പെട്ടു വരുന്ന ഇസ്രായേൽ വിരുദ്ധ പൊതുവികാരത്തെ താറടിച്ചു കാണിക്കാനുമുള്ള ഇന്ത്യയിലെ സംഘ്പരിവാർ പ്രോപഗണ്ടയുടെ ഭാഗമാണ് തുടർന്നു കൊണ്ടിരിക്കുന്ന ഈ നുണ പ്രചരണമെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ - ഫലസ്തീൻ വിഷയത്തിൽ ഫലസ്തീനികളുടെ അധിനിവേശത്തിനും വംശീയതക്കുമെതിരായ ഫലസ്തീനികളുടെ ചെറുത്തു നിൽപ്പിനൊപ്പം നിൽക്കുക എന്നതാണ് വെൽഫെയർ പാർട്ടിയുടെ നിലപാട്. സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയാണ് ഫലസ്തീനികൾ പോരാടിക്കൊണ്ടിരിക്കുന്നത്. നൈതികമായും നിയമപരമായും ന്യായയുക്തമായ പ്രതിരോധവും ചെറുത്തുനിൽപ്പുമാണ് ഫലസ്തീനികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഹമാസിനെ പോലുള്ള പ്രസ്ഥാനങ്ങളെ ഭീകര പ്രസ്ഥാനമായും പ്രശ്നങ്ങളുടെ കാരണക്കാരായും ചിത്രീകരിക്കുന്ന അമേരിക്കൻ - ഇസ്രായേൽ ദാസ്യവും സയണിസ്റ്റ് - സംഘ്പരിവാർ താല്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മുഴുവൻ ആഖ്യാനങ്ങളെയും പാർട്ടി ശക്തിയുക്തം നിരാകരിക്കുകയും ഗസ്സയുടെ ധീരമായ ചെറുത്തുനിൽപ്പിനോട്‌ ഐക്യദാർഢ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാക്കലാണ് നീതി എന്ന നിലപാടിൽ അതിനു വേണ്ടി ശബ്ദിക്കുന്ന ലോകത്തെ മുഴുവൻ കൂട്ടായ്മകളോടും പാർട്ടി ഐക്യപ്പെടുന്നതായും ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Palestine Solidarity: False Propaganda Against Welfare Party Must Be Rejected -S. Irshad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.