ഫലസ്ത്വീൻ വിമോചന പോരാട്ടം അതിജീവനത്തിന്റെ പോരാട്ടം കൂടിയാണെന്നും അതിനാൽ, വിജയംവരെ ഓരോ ഫലസ്തീനിയും പൊരുതുമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ്റഹ്മാൻ. ഇസ്രയേലിന്റെ അതിക്രൂരമായ സാംസ്കാരിക അധിനിവേശത്തിനും വംശഹത്യക്കും സാമ്രാജ്യത്വ ഗൂഢാലോചനക്കുമെതിരെ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനും ഖുദ്സിന്റെ വിമോചനത്തിനും വേണ്ടി അണയാത്ത പോരാട്ടവീര്യത്തോടെ അവർ പൊരുതുകയാണ്.
ഗസ്സയിലെ ഒരു പിടി മണ്ണിൽ കാലുറപ്പിച്ച്, അഭിനവ ഗോലിയാത്തുകളുടെവംശീയ വൻമതിലുകളെ തകർത്ത്, സാമ്രാജ്യത്വ സംഖ്യശക്തികളുടെ സായുധ സന്നാഹങ്ങളെ അതിജീവിച്ച്, സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഫലസ്ത്വീൻ ജനത നടത്തുന്ന പോരാട്ടം ഇന്ന് സമാനതകളില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മസ്ജിദുൽ അഖ്സയുടെ താക്കോൽ കിനാവുകണ്ട് മുലപ്പാലിനൊപ്പം പോരാട്ടവീര്യവും പകർന്നു നൽകുന്ന ഫലസ്ത്വീൻ ഉമ്മമാരെ നേരിടാൻ ലോകത്തെ മുഴുവൻ ആയുധപുരകൾക്കുമേൽ അടയിരിക്കുന്ന സാമ്രാജ്യത്വത്തിനും സയണിസത്തിനുമാവില്ല. പാടിപ്പുകഴ്ത്തപ്പെട്ട മൊസാദിന്റെ കൂർമബുദ്ധിയേയും അയൺ ഡോമിന്റെ റോക്കറ്റ് പ്രതിരോധ ശേഷിയേയും പരിഹാസ്യമാക്കി കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ ചെറുത്തുനിൽപ്പ് ലോകത്തോട് വിളിച്ചുപറഞ്ഞതും ഈ അതിജീവനത്തിന്റെ ബലതന്ത്രത്തെക്കുറിച്ചാണ്. കാലം സാക്ഷി, പിറന്ന മണ്ണിനായുള്ള ഫലസ്ത്വീൻ ജനതയുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്നും പി. മുജീബ്റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.