ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിൽ 26 മണിക്കൂർ നീണ്ട പരിശോധനക്കു ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മടങ്ങി. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. മണ്ണുത്തി -ഇടപ്പള്ളി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന ചൊവ്വാഴ്ച രാവിലെ 11.30നാണ് അവസാനിച്ചത്. തിങ്കളാഴ്ച രാത്രിയും പരിശോധന തുടർന്ന സംഘം ഡിജിറ്റൽ വിവരങ്ങൾ പകർത്തി എടുത്തിട്ടുണ്ട്. പരിശോധന ആരംഭിച്ചപ്പോൾ മുതൽ ടോൾപ്ലാസയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഓഫിസിൽ പ്രവേശിച്ച ജീവനക്കാരെ പിന്നീട് പുറത്തുപോകാൻ അനുവദിച്ചില്ല. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു.
എന്നാൽ, വൈകീട്ടോടെ ഷിഫ്റ്റ് പൂർത്തിയാക്കിയവരെ പോകാൻ അനുവദിച്ചു. രാത്രി ടോൾപ്ലാസ ജനറൽ മാനേജർ, അസി. മാനേജർ, അക്കൗണ്ടന്റ്, ടെക്നിക്കൽ വിഭാഗങ്ങളിലെ നാല് ജീവനക്കാർ എന്നിവർ ഉണ്ടായിരുന്നു. ഇ.ഡി കൊച്ചി യൂനിറ്റ് അസി. ഡയറക്ടർ സത്യവീർ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ദേശീയപാത നിർമാണ കരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ഓഫിസാണ് പാലിയേക്കരയിലേത്. കരാർ കൺസോർട്യം അംഗങ്ങളായ കൊൽക്കത്ത സ്രേയ് ഫിനാൻസ് കമ്പനി, ഹൈദരാബാദ് കെ.എം.സി കമ്പനി എന്നിവയുടെ ആസ്ഥാനങ്ങളിലും പരിശോധന നടന്നതായി അറിയുന്നു. ദേശീയപാത നിർമാണത്തിൽ കേന്ദ്ര സർക്കാറിന് 102.4 കോടി നഷ്ടം വരുത്തിയെന്ന സി.ബി.ഐ കേസിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ അന്വേഷണം. ഈ കേസിന്റെ സി.ബി.ഐ അന്വേഷണ റിപ്പോർട്ട് നേരത്തേ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.