പഞ്ചായത്ത് പ്രസിഡന്റ് ഇന്റർവ്യൂ ബോർഡിൽ; സഹോദരി ഉദ്യോഗാർഥി, സി.പി.എമ്മിനെ വെട്ടിലാക്കി കത്ത് പ്രചാരണം

കണ്ണൂർ: പഞ്ചായത്ത് പ്രസിഡന്റ് ഇരുന്ന ഇന്റർവ്യൂ ബോർഡിൽ ഉദ്യോഗാർഥിയായി സഹോദരിയും. 150ഓളം പേർ അപേക്ഷകരായുള്ള റാങ്ക് ലിസ്റ്റിൽ സഹോദരിക്ക് ലഭിച്ചതാകട്ടെ രണ്ടാം റാങ്കും.

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലെ അംഗൻവാടി അധ്യാപക നിയമന പ്രക്രിയയിലാണ് വിചിത്ര നടപടി. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ നടന്നത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഊമക്കത്ത് പ്രചരിക്കുകയാണ്. തപാൽ സ്റ്റാമ്പിന് പകരം റവന്യൂ സ്റ്റാമ്പ് പതിച്ചതിനാൽ പത്ത് രൂപ അടച്ചാണ് മേൽവിലാസക്കാർ കത്ത് കൈപ്പറ്റിയത്. കത്ത് അയച്ചയാളുടെ പേരുവിവരങ്ങളൊന്നുമില്ലെങ്കിലും ഉള്ളടക്കം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. സംഭവത്തിൽ സി.പി.എം മാടായി ഏരിയ കമ്മിറ്റി അന്വേഷണവും തുടങ്ങി.

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനു കീഴിലെ അംഗൻവാടികളിൽ അടുത്തവർഷം ഏപ്രിലിൽ ഒഴിവുവരുന്ന അംഗൻവാടി അധ്യാപികയുടെ ഒഴിവിലേക്ക് നടത്തിയ ഇന്റർവ്യൂ ആണ് വിവാദത്തിലായത്. പഞ്ചായത്ത് ഓഫിസിൽ നടന്ന ഇന്റർവ്യൂവിൽ പ്രസിഡന്റ്, സെക്രട്ടറി, ബ്ലോക്ക് ​പഞ്ചായത്ത് ഓഫിസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടുപേരാണ് ബോർഡിലുണ്ടായിരുന്നത്. രക്തബന്ധത്തിൽ പെട്ടവർ ഉദ്യോഗാർഥികളുണ്ടെങ്കിൽ നിയമനപ്രക്രിയയിൽനിന്ന് മാറിനിൽക്കണമെന്ന കീഴ്വഴക്കമാണ് ലംഘിക്കപ്പെട്ടത്. ഗ്രാമപഞ്ചായത്തിന് കീഴിൽ 19 അംഗൻവാടികളാണുള്ളത്. മൂന്നുവർഷമാണ് റാങ്ക് ലിസ്റ്റ് കാലാവധി. ഇത്തരം നിയമന നടപടികൾ പാർട്ടിയെ നശിപ്പിക്കുമെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് കത്തിലുള്ളത്.

പാ​ര്‍​ട്ടി​യെ നേ​ര്‍​വ​ഴി​ക്ക് ന​ട​ത്താ​ന്‍ ഓ​രോ​രു​ത്ത​ര്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ലോ​ടെ ലാ​ല്‍ സ​ലാം പ​റ​ഞ്ഞാ​ണ് ക​ത്ത് അവസാനിപ്പിക്കുന്നത്. കത്ത് വിവാദം കനത്തതോടെയാണ് പാർട്ടി അന്വേഷണം തുടങ്ങിയത്. അതേസമയം, ആകെ ഒരു ഒഴിവി​ലേക്കാണ് കൂടിക്കാഴ്ച നടന്നതെന്നും തന്റെ സഹോദരി ഉദ്യോഗാർഥിയാണെന്ന കാര്യം ഇന്റർവ്യൂ ബോർഡിലെ മറ്റൊരാൾക്കും അറിയില്ലെന്നും കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന ‘മാധ്യമ’ത്തോട് പറഞ്ഞു. സഹോദരിക്ക് നിയമനം ലഭിക്കുന്ന സാഹചര്യം നിലവിലില്ലെന്നും അവർ വിശദീകരിച്ചു.

Tags:    
News Summary - Panchayat President Interview Board; Sister candidate, letter campaign slashing CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.