തിരുവനന്തപുരം: മറ്റു തൊഴിൽമേഖലകളെ അപേക്ഷിച്ച് മലയാള സിനിമ മേഖലയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുതന്നെ സ്ത്രീകളിൽ പലരും ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നുണ്ടെന്നും ഇതുമറികടക്കാൻ പ്രത്യേക നിയമം വേണമെന്ന് ഹേമ കമ്മിറ്റി ശിപാർശ ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് ഇന്ത്യൻ പീനൽ കോഡും കേന്ദ്രസർക്കാർ നടപ്പാക്കിയ ‘പോഷ്’ അടക്കം വിവിധ നിയമങ്ങളുണ്ട്.
സിനിമ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സിനിമാട്ടോഗ്രാഫ് നിയമം1952, സിനിമാസ് (റെഗുലേഷൻ) നിയമം 1958 (കേരളം), സിനിമ തൊഴിലാളികളും സിനിമ തിയറ്റർ തൊഴിലാളികളും (റെഗുലേഷൻ)1981, സിനി വർക്കേഴ്സ് വെൽഫെയർ സെസ് നിയമം 1981, സിനിമ തൊഴിലാളി ക്ഷേമനിധി നിയമം 1981 തുടങ്ങിയവയും പ്രാബല്യത്തിലുണ്ടെങ്കിലും ഇവയൊന്നും നിലവിൽ മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തൽ.
പോഷ് നിയമത്തിന്റെ ന്യൂനതകളെയും കമ്മിറ്റി റിപ്പോർട്ടിൽ തുറന്നുകാട്ടി. ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനാണ് 2013ൽ പോഷ് നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയത്. എന്നാൽ, മലയാള സിനിമയിലെ സ്ഥിതി വ്യത്യസ്തമാണ്. സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ സ്ത്രീ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നു. മറ്റു മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് സ്ത്രീയുടെ അർഹത പരിശോധിക്കുന്നത് എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണെങ്കിൽ സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കണമെങ്കിൽ, ഒരു പ്രത്യേക വ്യക്തിയുമായോ സിനിമയിലെ വ്യക്തികളുമായോ കിടക്ക പങ്കിടാൻ പലരും നിർബന്ധിതരാകുന്നെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇതിനുള്ള തെളിവുകളും കമീഷൻ റിപ്പോർട്ടിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലനും കൈമാറി.
സിനിമ മേഖലയിലെ സ്ത്രീ ചൂഷണവും അതിക്രമവും തടയുന്നതിന് ‘കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എംപ്ലോയീസ് (റെഗുലേഷൻ) ആക്ട് 2020’: എന്ന പേരിൽ പ്രത്യേക നിയമം രൂപവത്കരിക്കണമെന്ന ശിപാർശക്കൊപ്പം ഇതിനായുള്ള ചട്ടങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.