കോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതര പിഴവ്. ശരീരമാകെ ഗുരുതര പരിക്കേറ്റനിലയിൽ യുവതി നേരിട്ട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും കേസെടുക്കുന്നതിനു പകരം ആദ്യഘട്ടത്തിൽ ആശ്വസിപ്പിച്ച് വിടുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
പിന്നീട് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തപ്പോഴും വധശ്രമം അടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയില്ല. മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നടക്കം യുവതി മൊഴി നൽകിയിരുന്നുവെങ്കിലും പൊലീസ് ഇത് മുഖവിലക്കെടുക്കാതെ ആയുധംകൊണ്ട് പരിക്കേൽപിച്ചതിനാണ് ഭർത്താവ് രാഹുലിനെതിരെ കേസെടുത്തത്.
ഇതാണ് രാഹുൽ ‘രക്ഷപ്പെടാൻ’ കാരണമായതും. രാഹുലിനോട് പൊലീസ് ഉദ്യോഗസ്ഥർ അടുത്ത സുഹൃത്തിനെ പോലെയാണ് പെരുമാറിയതെന്ന് യുവതിയുടെ ബന്ധുക്കൾ നേരത്തേ ആരോപിച്ചിരുന്നു.
അതേസമയം വിഷയം ശ്രദ്ധയിൽവന്നതോടെ സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ പൊലീസിന്റെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിൽ വീഴ്ചവന്നതായും അവർ പറഞ്ഞതിനൊത്തുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ ആദ്യമേ ചുമത്തിയില്ലെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ട്.
പിന്നാലെ, എസ്.എച്ച്.ഒ എ.എസ്. സരിന് വീഴ്ചപറ്റിയതായി ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് മേധാവി ഉത്തരമേഖല ഐ.ജി കെ. സേതുരാമന് റിപ്പോർട്ടും നൽകി. തുടർന്നാണ് സസ്പെൻഷൻ നടപടിയുണ്ടായത്.
അതേസമയം കേസിലെ പൊലീസിന്റെ അന്വേഷണ വീഴ്ചക്കെതിരെ മാധ്യമങ്ങളിലടക്കം വിവിധ കോണുകളിൽനിന്ന് വലിയ പ്രതിഷേധമാണുയർന്നത്. യുവതിയുടെ കുടുംബത്തിന് പിന്നാലെ മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.വൈ.എഫ്.ഐ തുടങ്ങിയവരും പൊലീസിനെതിരെ പരസ്യമായി രംഗത്തുവന്നു.
തിരുവനന്തപുരം: പന്തീരാങ്കാവില്‍ പെണ്‍കുട്ടിക്ക് നേരെ വധശ്രമമുണ്ടായിട്ടും പരാതി നല്കിയ പിതാവിനെ സി.ഐ പരിഹസിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്നുതന്നെ സിറ്റി പൊലീസ് കമീഷണറെ വിളിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് കേസെടുത്തത്.
ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല. പ്രതി രക്ഷപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം പൊലീസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോപണം ശരിവെക്കുന്നതാണ് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസറുടെ (എസ്.എച്ച്.ഒ) മറുപടിയെന്ന് വനിതാ കമീഷന് അധ്യക്ഷ അഡ്വ.പി. സതീദേവി. ഭർതൃഗൃഹത്തില്‍ ഗുരുതര പീഡനത്തിന് ഇരയായെന്ന് കമീഷനു ലഭിച്ച പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴുള്ള എസ്.എച്ച്.ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ട്. ഭർതൃവീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ പെൺകുട്ടിക്ക് ബോധമില്ലായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് എന്നും പെൺകുട്ടി പറയുന്നു.
ഗുരുതര പരാതി നല്കിയ പെണ്‍കുട്ടിയോട് ഭര്‍ത്താവുമായി ഒത്തുപോകണം എന്ന് പൊലീസ് നിര്‍ദേശിച്ചതായി ആരോപണമുണ്ട്.
പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തേണ്ടിയിരുന്നു. ശാരീരികപീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സേനയ്ക്ക് അപമാനമാണ്. ഈ കേസില്‍ സേനയ്ക്ക് അപമാനം വരുത്തിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍നിന്നു മാറ്റിയിട്ടുണ്ട്. കുറ്റമറ്റതും ചിട്ടയായ രീതിയിലുമുള്ള അന്വേഷണം നടക്കണമെന്നും സതീദേവി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഈരാറ്റുപേട്ട: പന്തീരാങ്കാവിൽ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെതിരെ ഗാർഹികപീഡനം നടത്തിയ പ്രതി രാഹുൽ ആദ്യം ഈരാറ്റുപേട്ട സ്വദേശിനിയായ യുവതിയെ രജിസ്റ്റർ വിവാഹം ചെയ്തെന്ന വിവരം പുറത്തുവന്നു. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശിനിയായ യുവതിയുമായി വിവാഹപരസ്യത്തിലൂടെയാണ് പരിചയപ്പെട്ടത്. വിവാഹത്തിനുശേഷം വിദേശത്തേക്ക് കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് രജിസ്റ്റർ വിവാഹം നടത്തിയത്.
തുടർന്നുള്ള ഫോൺവിളിയിൽ അസ്വാഭാവികത മനസ്സിലാക്കിയ യുവതിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്തിരിയുകയായിരുന്നു. രജിസ്റ്റർചെയ്ത വിവാഹം ഒഴിവാക്കുന്നതിന് യുവതിയുടെ കുടുംബം കോടതിവഴി പരാതി സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.