ആളിയാര്‍ വെള്ളം വീണ്ടും വെട്ടിക്കുറച്ചു; പ്രതീക്ഷ സര്‍ക്കാര്‍ ഇടപെടലില്‍

പാലക്കാട്: സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതിനിടെ ആളിയാറില്‍നിന്നുള്ള ജലവിതരണം തമിഴ്നാട് വീണ്ടും വെട്ടിക്കുറച്ചു. തമിഴ്നാട്ടിലെ ഭരണമാറ്റത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് കേരളത്തിന്‍െറ ഇടപെടല്‍ വൈകാന്‍ കാരണമെന്നാണ് സൂചന. പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് ഡിസംബര്‍ 18ന് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. പൊള്ളാച്ചിയില്‍ ചേര്‍ന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തിലെ ചര്‍ച്ച അലസിയതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടത്. ഡിസംബര്‍ 31 വരെ ആളിയാറില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് 175 ഘനയടി വെള്ളം വിട്ടുകൊടുത്തിരുന്നു. ജനുവരി ഒന്നു മുതല്‍ ഇത് 140 ഘനയടിയായി കുറച്ചു.

അളവ് കൂട്ടണമെന്ന കേരളത്തിന്‍െറ ആവശ്യം നിലനില്‍ക്കെയാണ് കുടിവെള്ളാവശ്യത്തിന് വിട്ടുകൊണ്ടിരുന്ന ജലത്തില്‍ കുറവ് വരുത്തിയത്. പി.എ.പി കരാര്‍ പ്രകാരം ജനുവരി ഒന്നു മുതല്‍ 15 വരെ 670 ദശലക്ഷം ഘനയടി വെള്ളം ചിറ്റൂര്‍ പുഴയിലേക്ക് ലഭ്യമാക്കണം. സെക്കന്‍ഡില്‍ 500 ഘനയടി വെള്ളം ലഭിക്കേണ്ട സ്ഥാനത്താണ് 140 ഘനയടി വെള്ളം നല്‍കുന്നത്. പറമ്പിക്കുളം, ആളിയാര്‍ ഡാമുകളില്‍ ഉപയോഗിക്കാവുന്ന അവസ്ഥയിലുള്ള വെള്ളം 3.4 ടി.എം.സി ഉണ്ടായിരിക്കെയാണ് തമിഴ്നാട് കടുംപിടിത്തം തുടരുന്നത്.

ഡാമുകളുടെ സുരക്ഷക്കുള്ള കരുതല്‍ശേഖരം കഴിച്ചുള്ളതാണിത്. സര്‍ക്കാര്‍ തലത്തില്‍ ശക്തമായ സമ്മര്‍ദമുണ്ടായാല്‍ ഇതില്‍ ഒരു പങ്ക് നേടിയെടുക്കാന്‍ കഴിയുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുടുതല്‍ വെള്ളം ലഭിച്ചില്ളെങ്കില്‍ ഭാരതപ്പുഴ, ചിറ്റൂര്‍പ്പുഴകളെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ നിലക്കും.

അപ്പര്‍ ആളിയാര്‍, കാടാമ്പാറ അണക്കെട്ടുകളില്‍ വൈദ്യുതി ഉല്‍പാദനത്തിന് ഒരു ടി.എം.സി വെള്ളം തമിഴ്നാട് ശേഖരിച്ചിട്ടുണ്ട്. കടുത്ത വരള്‍ച്ച പരിഗണിച്ച് ഈ ജലം കുടിവെള്ളത്തിനായി വിട്ടുനല്‍കണമെന്ന് സംയുക്ത ജലക്രമീകരണ ബോര്‍ഡില്‍ കേരളത്തിന്‍െറ ആവശ്യം അവര്‍ ഗൗനിച്ചിട്ടില്ല. പറമ്പിക്കുളം ഡാമില്‍ 2.48, തൂണക്കടവ് ഡാമില്‍ 0.245, പെരുവാരിപ്പള്ളം ഡാമില്‍ 0.292 ടി.എം.സി എന്നിങ്ങനെയാണ് വെള്ളമുള്ളത്.

 

Tags:    
News Summary - parambikulam aliyar dam water level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.